കശ്യപിന് സ്വര്‍ണം; ഇന്ത്യന്‍ വേട്ട 15ല്‍ അവസാനിച്ചു

Posted on: August 3, 2014 7:15 pm | Last updated: August 4, 2014 at 11:51 am

kashyap

ഗ്‌ളാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ബാഡ്മിന്റനില്‍ ഇന്ത്യയുടെ പി.കശ്യപിന് സ്വര്‍ണം. സിംഗപ്പൂര്‍ താരം ഡെറക്ക് വോങ്ങിനെയാണ് കശ്യപ് ഫൈനലില്‍ തറപറ്റിച്ചത്. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു വിജയം. ഇന്ത്യയുടെ 15ാമത് സ്വര്‍ണമാണിത്. ഇതോടെ ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ പൂര്‍ത്തിയായി. 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവുമായി 64 മെഡലുകളോടെ ഇന്ത്യ മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ 101 സ്വര്‍ണം നേടിയിരുന്നു.

1978 ല്‍ കാനഡയിലെ എഡ്‌മോന്റന്‍ ഗെയിംസില്‍ പ്രകാശ് പദുകോണ്‍ ഇന്ത്യക്കായി പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് സ്വര്‍ണം നേടിയതിന് ശേഷം ഇതാദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. ഗ്ലാസ്‌ഗോയില്‍ കശ്യപ് ഫൈനലില്‍ പ്രവേശിച്ചതോടെ പദുകോണിനൊരു പിന്‍ഗാമിയുണ്ടാകുമെന്ന ഇന്ത്യന്‍ കായിക ലോകത്തിന്റെ പ്രതീക്ഷ അങ്ങനെ യാഥാര്‍ഥ്യമായി.

ലോകറാങ്കിംഗില്‍ ഇരുപത്തിരണ്ടാം സ്ഥാനത്തുള്ള കശ്യപ് സെമിഫൈനലില്‍ ഇംഗ്ലണ്ടിന്റെ രാജീവ് ഔസേഫിനെയാണ് തോല്‍പ്പിച്ചത്.

പെണ്‍കുട്ടികളുടെ ബാഡ്മിന്റണ്‍ ഡബിള്‍സില്‍ ഇന്ന് ഇന്ത്യയുടെ ജ്വാല ഗുട്ട – അശ്വിനി പൊന്നപ്പ സഖ്യം വെള്ളി നേടി. മലേഷ്യയുടെ ഹൂ-വൂണ്‍ സഖ്യത്തിനാണ് സ്വര്‍ണം.