മാണി മൗനം വെടിയണമെന്ന് പന്തളം സുധാകരന്‍

Posted on: August 3, 2014 4:26 pm | Last updated: August 4, 2014 at 10:04 am

pandalam

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണിക്കെതിരെ കോണ്‍ഗ്രസ് വക്താവ് പന്തളം സുധാകരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ചില കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യമുയര്‍ത്തിയ സാഹചര്യത്തില്‍ മൗനം വെടിഞ്ഞ് മാണി നിലപാട് വ്യക്തമാക്കണമെന്ന് പന്തളം സുധാകരന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ യുഡിഎഫില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന ‘ബുദ്ധിപരമായ മൗനം’ ആയിട്ടേ ഇതു കാണാനാകൂ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹതാശരായ സിപിഎം യുഡിഎഫില്‍ വിള്ളലുണ്ടാക്കിയാല്‍ മാത്രമേ ഭരണത്തിലെത്താനാകൂ എന്ന് മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ രാഷ്ട്രീയ കുതിരക്കച്ചവടവുമായി മാണിയുടെ മാനത്തെ കൂട്ടി വായിക്കേണ്ടി വരും. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തെ കാത്തു സൂക്ഷിച്ചു മുന്നേറുന്നതിന് പകരം ഇടതുപക്ഷത്തിന്റെ കരിഞ്ഞുണങ്ങിയ മോഹങ്ങള്‍ക്ക് ഇതള്‍ വിരിയിക്കുകയല്ല വേണ്ടതെന്നും പന്തളം സുധാകരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.