പാലക്കാട് ജില്ലയില്‍ ബാല വേല വ്യാപകം

Posted on: August 3, 2014 1:19 pm | Last updated: August 3, 2014 at 1:19 pm

പാലക്കാട്: അന്യസംസ്ഥാനത്തെ കുട്ടികളെ ഉപയോഗിച്ചുള്ള ബാലവേല ജില്ലയില്‍ സജീവം. ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലാണ് ഇത്തരക്കാരായ കുട്ടികളെ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ വ്യാപകമായി നടക്കുന്നത്. ഉത്തര്‍പ്രദേശ്, ഒറീസ, ആസാം എന്നിവിടങ്ങളിലെ കുട്ടികളെ ഉപയോഗിച്ചാണ് ബാലവേല. ചില കുട്ടികളെ ഏതാനും ദിവസം മുമ്പ് ജില്ലാ ലേബര്‍ ഓഫീസര്‍ മോചിപ്പിച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പിച്ചിരുന്നു.
കുട്ടികളെ ഉപയോഗിച്ച് ജോലി ചെയ്യിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പട്ടാമ്പിയില്‍ സ്റ്റീല്‍ കമ്പനിയില്‍നിന്നുമാണ് ഇവരെ മോചിപ്പിച്ചത്. 15-ല്‍താഴെ മാത്രം പ്രായമുള്ള കുട്ടികളെ ഉപയോഗിച്ചായിരുന്നു ഇവിടെ ജോലി ചെയ്യിച്ചിരുന്നത്. എന്നാല്‍ കുട്ടികള്‍ ജോലിക്കു വന്നതല്ലെന്ന നിലപാടിലായിരുന്നു കമ്പനി ഉടമ. കുറഞ്ഞ കൂലിക്ക് കുട്ടികളെ എത്തിക്കുന്നതിനു ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ‘ഭക്ഷണവും താമസസൗകര്യങ്ങളും നല്‍കിയാല്‍ എത്ര കുട്ടികളെ വേണമെങ്കിലും ലഭിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.ഇഷ്ടികചൂള, ഹോളോബ്രിക്‌സ് നിര്‍മാണ യൂണിറ്റുകള്‍ എന്നിവിടങ്ങളിലും ഹോട്ടലുകളിലും ഇത്തരത്തില്‍ ബാലവേല നടന്നുവരുന്നു. എന്നാല്‍ ഇതു നിയന്ത്രിക്കുന്നതിന് കാര്യമായ ഇടപെടലുകളോ നടപടികളോ അധികൃതരില്‍നിന്നും ഉണ്ടാകുന്നില്ലെന്നാണ് വ്യാപക പരാതി ഉയരുന്നത്.