Connect with us

Malappuram

തിരൂരങ്ങാടിയിലും പരപ്പനങ്ങാടിയിലും പൊന്‍മുണ്ടത്തും വീടുകളില്‍ വെള്ളം കയറി

Published

|

Last Updated

തിരൂരങ്ങാടി: കഴിഞ്ഞദിവസങ്ങളിലുണ്ടായ ശക്തമായമഴയില്‍ തിരൂരങ്ങാടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി 600ലേറെ വീടുകളില്‍ വെള്ളം കയറി.നിരവധി കുടുംബങ്ങള്‍ മാറിതാമസിച്ചു. തിരൂരങ്ങാടി പഞ്ചായത്തില്‍ മാത്രം 175 വീടുകളില്‍ വെള്ളംകയറിയതായി വില്ലേജ് അധികൃതര്‍ അറിയിച്ചു. ഇവിടെ 75കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
തിരൂരങ്ങാടി പഞ്ചായത്തിലെ വെള്ളിലക്കാട് ചുണങ്ങ് കണ്ണാടിത്തടം ഏആര്‍നഗര്‍ പഞ്ചായത്തിലെ മമ്പുറം പുല്‍പറമ്പ് മൂഴിക്കല്‍ എംഎന്‍കോളനി താഴേകൊളപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ പാറക്കടവ് ചുഴലി നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് കൊടിഞ്ഞി കല്ലത്താണി ഭാഗങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയിട്ടുള്ളത്. ഏആര്‍ നഗറിലെ മമ്പുറം മൂഴിക്കല്‍ ആറ്റക്കോയതങ്ങള്‍ റോഡ് എന്നിവിടങ്ങളിലെ 40വീടുകളിലും വെട്ടത്ത് ബസാറിന് സമീപം എംഎന്‍ കോളനിയിലെ 30വീടുകളിലും താഴേകൊളപ്പുറം തമ്പുരാന്‍മഠം കോളനിയിലെ നാല് വീടുകളിലും കൂരിയാട് മാതാട് പനമ്പുഴ ഭാഗത്തെ 32വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.മാതാട് ഭാഗത്ത് 30വീടുകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.പന്താരങ്ങാടി കണ്ണാടിത്തടത്ത് 15വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.ഇവര്‍ ബന്ധുവീടുകളിലേക്ക് മാറിതാമസിച്ചു.മൂന്നിയൂര്‍ പാറക്കടവില്‍ 25വീടുകളില്‍ വെള്ളംകയറി.
നന്നമ്പ്ര കല്ലത്താണി ചെറുമുക്ക് വെസ്റ്റ് കൊടിഞ്ഞി ഭാഗങ്ങളില്‍ 100ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ചെറുമുക്ക് വെസ്റ്റിലെ വടക്കുംപറമ്പില്‍ ബശീര്‍ സഹോദരങ്ങളായ ഇസ്മാഈല്‍ അബ്ദുറഹ്മാന്‍ മുളമൂക്കില്‍ വിനു സഹോദരന്‍ രാജന്‍ തണ്ടാശേരി ഷാജി മണിമണ്ടലം കോരു കുറുപ്പനകത്ത് സൈതലവി എന്നിവരുടെ വീടുകളിള്‍ വെള്ളം കയറിയിട്ടുണ്ട്.നന്നമ്പ്ര തെയ്യാലയിലെ പറമ്പത്തിയില്‍ ആരിഫയുടെ വീടിനടുത്തുള്ള കിണര്‍ ആറ് മീറ്റര്‍ താഴ്ചയില്‍ ഇടിഞ്ഞുവീണു.അരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് കക്കാട് റോഡും ദേശീയപാതയില്‍ കൂരിയാട് പാക്കടപ്പുറായ റോഡും വെള്ളം കയറി ഗതാഗതം മുടങ്ങി ഉള്‍പ്രദേശങ്ങളിലെ പലറോഡുകളിലും വെള്ളം കയറിയിട്ടുണ്ട്.കടലുണ്ടി പുഴനിറഞ്ഞൊഴുകുന്നത് മൂലം പുഴയോരത്തെ പല കുടുംബങ്ങളും ഭീഷണി നേരിടുകയാണ്.
പരപ്പനങ്ങാടി: പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ഇടതടവില്ലാതെ തിമര്‍ത്തു പെയ്യുന്ന മഴയാണ് വീടുകള്‍ വെള്ളത്തിനിടിയിലാക്കാന്‍ ഇടയാക്കിയത്. ശക്തമായ കാറ്റും കനത്ത മഴയും കടല്‍ക്ഷോഭത്തിനും കാരണമായി. ഇത് കാരണം മത്സ്യതൊഴിലാളികള്‍ കടലില്‍ ഇറങ്ങിയില്ല. കടല്‍ ശാന്തമായതോടെ തിരികെ ലഭിച്ച കടലോരം വീണ്ടും വെള്ളത്തിനടിയിലായിരിക്കുകയാണ്. പരപ്പനങ്ങാടിയില്‍ 150 ഓളം വീടുകളാണ് വെള്ളത്തിനടിയിലായത്. കയറ്റ് ചാലി 25, കരിങ്കല്ലത്താണി 15, കോട്ടത്തറ, കൊട്ടപ്പുരം 15, താഴേങ്ങല്‍ – ആറ്, ചെറുകുറ്റി – 15, പാലത്തിങ്ങല്‍, കൊട്ടന്തല, മീന്‍കൂരിക്കുഴി, ഉള്ളണം, ഭാഗത്തും നിരവധി വീടുകള്‍ വെള്ളത്തിനടിയിലാണ്. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് ക്യാമ്പസും വെള്ളത്തിനടിയിലാണ്. തഅ്‌ലീം ക്യാമ്പസിലെ അഞ്ചപ്പുരം ജുമുഅ മസ്ജിദ് പള്ളികുളം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്.
വള്ളിക്കുന്നിലും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തനടിയിലാണ്. നിരവധി വീടുകളും വെള്ളത്തിനടിയിലാണ്.
കല്‍പകഞ്ചേരി: പൊന്മുണ്ടം പഞ്ചായത്തിന്റ് വിവിധ ഭാഗങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറി. ആദ്യശേരി കാവപ്പുര മാറ്റത്താണിയില്‍ പോണിയേരി കുഞ്ഞാപ്പു,ചോലയില്‍ അഹമദ്, പോണിയേരി മുഹമ്മദ്,പി കെ ബീരാന്‍ കുട്ടി, പോണിയേരി സൈത്, പോണിയേരി ഹുസൈന്‍ മുസ്‌ലിയാര്‍ എന്നിവരുടെ വീടുകളിലേക്കാണ്‍ വെള്ളം കയറിയത്. പിന്നീട് ഇന്നലെ ഉച്ചയോടെ വെള്ളം കയറിയത് ഒഴിവാക്കാന്‍ നാട്ടുകാര്‍ ശ്രമകരമായി സൗകര്യമൊരുക്കുകയായിരുന്നു.
ഈ ഭാഗത്ത് വെള്ളം ഒഴികിപോകുന്നതിന് സംവിധാനം കാണാതെ അശാസ്ത്രീയമായി റോഡ് നിര്‍ മിച്ചതാണ് വീടുകളില്‍ വെള്ളം കയറാന്‍ ഇടയാക്കിയതെന്നാണ് ഇവിടത്തുകാരുടെ പരാതി. ഈ ഭാഗത്തെ വീടുകളില്‍ വെള്ളം കയറിയതോടെ വീട്ടുകാര്‍ ബന്ധുവീട്ടികളിലേക്കും മറ്റും മാറിത്താമസിച്ചിരിക്കുകയാണ്. പ്രദേശം ഗ്രാമപഞ്ചായത്ത് അധികൃതരും എസ് വൈ എസ് താനൂര്‍ സോണ്‍ ഭാരവാഹികളായ സയ്യിദ് ജലാലുദ്ധീന്‍ അസ് ഹരി വൈലത്തൂര്‍, ഒ മുഹമ്മദ്, ഹുസൈന്‍ സഖാഫി കരിങ്കപ്പാറ തുടങ്ങിയവരും സന്ദര്‍ശിച്ചു.

Latest