പിതാവ് മകളെ പീഡിപ്പിച്ച കേസില്‍ വിചാരണ തുടങ്ങി

Posted on: August 3, 2014 8:48 am | Last updated: August 3, 2014 at 8:48 am

തലശ്ശേരി: പിതാവ് മകളെ പീഡിപ്പിച്ച കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് ജഡ്ജി വി ഷര്‍സി മുന്‍പാകെ ഇന്നലെ ആരംഭിച്ചു. രണ്ട് തവണ ലൈംഗികാതിക്രമം നടത്തിയെന്ന് സാക്ഷി കോടതി മുമ്പാകെ ബോധിപ്പിച്ചു. കോഴിക്കോട്ടുള്ള അമ്മായിയുടെ വീട്ടില്‍ വെച്ചായിരുന്നു ആദ്യം. പിന്നീട് അമ്മയുടെ അറിവോടെ സ്വന്തം വീട്ടില്‍ വെച്ചും പിതാവിന്റെ ക്രൂരതക്കിരയായെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തങ്കച്ചന്‍ മാത്യുവിന്റെ ചീഫ് വിസ്താരത്തില്‍ ഒന്നാം സാക്ഷി മൊഴി നല്‍കി. വിസ്താരം ഇന്നും തുടരും. തലായി ഫിഷര്‍മെന്‍ കോളനിയിലെ പുതിയ പുരയില്‍ പ്രമോദാ (46)ണ് പ്രതി. കോഴിക്കോട്ട് താമസിച്ചു പഠിച്ചുവരുന്നതിനിടെ അധ്യാപികയോടാണ് 13 കാരിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി, പിതാവ് തന്നെ പീഡിപ്പിച്ചതായി ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് ചൈല്‍ഡ് ലൈന്‍ വഴി വനിതാ സെല്‍ എസ് ഐ. വത്സല കുട്ടിയുടെ മൊഴി രേഖപ്പടുത്തി തലശ്ശേരി പോലീസിന് കൈമാറി. ഇതുപ്രകാരം പോലീസ് കേസെടുക്കുകയും 2013 മാര്‍ച്ച് ഒമ്പതിന് പ്രമോദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മകളെ പീഡിപ്പിച്ച കേസായതിനാല്‍ പ്രതിക്ക് ജില്ലാ, ഹൈക്കോടതികള്‍ ഇതേവരെ ജാമ്യം അനുവദിച്ചിട്ടില്ല. മാതാവിന്റെ കൂടെ പോകാന്‍ താത്പര്യമില്ലെന്ന് വിചാരണ വേളയില്‍ പെണ്‍കുട്ടി പറഞ്ഞു. ഇന്‍ക്യാമറ സിസ്റ്റം ഉപയോഗിച്ചായിരുന്നു വിചാരണ.