കശ്യപ് മറ്റൊരു പദുകോണ്‍ ആകുമോ?

Posted on: August 3, 2014 7:26 am | Last updated: August 3, 2014 at 7:26 am

kashyapഗ്ലാസ്‌ഗോ: ചരിത്രമാകാന്‍ പോകുന്ന ആ സ്വര്‍ണനിമിഷത്തിനരികിലാണ് പാറുപ്പള്ളി കശ്യപ്. 1978 ല്‍ കാനഡയിലെ എഡ്‌മോന്റന്‍ ഗെയിംസില്‍ പ്രകാശ് പദുകോണ്‍ ഇന്ത്യക്കായി പുരുഷ ബാഡ്മിന്റണ്‍ സിംഗിള്‍സ് സ്വര്‍ണം നേടിയതിന് ശേഷം മറ്റാരും ആ നേട്ടം ആവര്‍ത്തിച്ചിട്ടില്ല. ഗ്ലാസ്‌ഗോയില്‍ കശ്യപ് ഫൈനലില്‍ പ്രവേശിച്ചതോടെ പദുകോണിനൊരു പിന്‍ഗാമിയുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യന്‍ കായിക ലോകം.
ലോകറാങ്കിംഗില്‍ ഇരുപത്തിരണ്ടാം സ്ഥാനത്തുള്ള കശ്യപ് സെമിഫൈനലില്‍ ഇംഗ്ലണ്ടിന്റെ രാജീവ് ഔസേഫിനെ തോല്‍പ്പിച്ചു (18-21, 21-17, 21-18). അതേ സമയം, ഗുരുസായ്ദത്തും സിന്ധുവും സെമിഫൈനലില്‍ പരാജയപ്പെട്ടു. ഇവര്‍ വെങ്കലമെഡലിനായി മത്സരിക്കും. 2010 ഗെയിംസില്‍ വെങ്കലമെഡലായിരുന്നു കശ്യപിന്.
ഒന്നരമണിക്കൂറിന് ഏഴ് മിനുട്ട് ശേഷിക്കെയാണ് കശ്യപ് വിജയം പൂര്‍ത്തിയാക്കിയത്. ഇരുപത്താറാം റാങ്കിംഗിലുള്ള രാജീവ് ഔസേഫ് ആദ്യ ഗെയിം ജയിച്ച് ആധിപത്യം സ്ഥാപിച്ചു. രണ്ടാം ഗെയിമില്‍ പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നു. കശ്യപിന്റെ തിരിച്ചുവരവില്‍ ഇംഗ്ലണ്ട് താരത്തിന് മാറി നില്‍ക്കേണ്ടി വന്നു. നിര്‍ണായകമായ മൂന്നാം ഗെയിമിലും തുല്യശക്തികളുടെ പോരാട്ടം. അന്തിമജയം ഇന്ത്യന്‍ താരം പിടിച്ചെടുത്തു.
ലോകറാങ്കിംഗില്‍ നാല്‍പതാം സ്ഥാനത്തുള്ള സിംഗപ്പൂരിന്റെ ഡെറെക് വാംഗാണ് ഫൈനലില്‍ കശ്യപിന്റെ എതിരാളി. റാങ്കിംഗില്‍ തന്നെക്കാള്‍ പിറകിലുള്ള താരമായതു കൊണ്ടു തന്നെ കശ്യപിനിത് സുവര്‍ണാവസരമാണ്. ഗുരുസായ്ദത്തിനെയാണ് സിംഗപ്പൂര്‍ താരം സെമിയില്‍ തോല്‍പ്പിച്ചത്. ആദ്യ ഗെയിം 21-16ന് ഗുരുസായ്ദത്ത് ജയിച്ചെങ്കിലും ഡെറെക് വാംഗ് പിന്നീടുള്ള രണ്ട് ഗെയിമും (19-21, 15-21) ജയിച്ച് ഫൈനല്‍ ബെര്‍ത് സ്വന്തമാക്കി. ഇല്ലെങ്കില്‍ ഫൈനല്‍ ഇന്ത്യന്‍ പോരാട്ടമായി മാറുമായിരുന്നു. സ്വര്‍ണവും വെള്ളിയും ഉറപ്പിക്കാനും സാധിക്കുമായിരുന്നു.
വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവിന്റെ ഫൈനല്‍ സാധ്യത അടച്ചത് കാനഡയുടെ ലി മിഷേലാണ്. 22-20, 22-20 സ്‌കോറിനാണ് തോല്‍വി. മിക്‌സഡ് ടീം ഇനത്തിലും സിന്ധു കനേഡിയന്‍ താരത്തിനോട് തോറ്റിരുന്നു.