Connect with us

Kozhikode

അമേരിക്കയുടെ ഇരട്ടത്താപ്പ് തിരിച്ചറിയുക: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: എക്യരാഷ്ട്ര സഭയുടെ വെടിനിര്‍ത്തല്‍ ആഹ്വാനത്തെ പിന്തുണച്ച അമേരിക്ക, ഫലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്‌റാഈലിന് ആയുധങ്ങള്‍ കൈമാറുന്നത് ഇരട്ടത്താപ്പാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ നിലപാടില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തണമെന്നും ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കുന്ന നടപടിക്കെതിരെ യു എന്‍ രംഗത്തു വരണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
ഫലസ്തീനില്‍ നരമേധം തുടരുന്ന ഇസ്‌റാഈലിനെ നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര ശക്തികള്‍ മുന്നോട്ടു വരണം. നിരപരാധികളെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുന്ന ഇസ്‌റാഈലിനെ പിന്തിരിപ്പിക്കുന്നതില്‍ ആഗോള സമാധാനത്തിന് പടുത്തുയര്‍ത്തപ്പെട്ട ഐക്യരാഷ്ട്ര സംഘടനയും ലോക പോലീസ് ചമയുന്ന അമേരിക്കയും പുലര്‍ത്തുന്ന നിസ്സംഗത അപലപനീയമാണ്. ഇസ്‌റാഈലിന്റെ കിരാത ആക്രമണം തടയുന്നതിന് പകരം ജൂത രാഷ്ട്രത്തിന് കൂടുതല്‍ ആയുധം എത്തിച്ചുകൊടുക്കാനാണ് അമേരിക്കയുടെയും ഒബാമയുടെയും ശ്രമം. ഗാസയില്‍ നടത്തുന്ന ആക്രമണങ്ങള്‍ വേദനാജനകമാണ്. ലോകജനത ഇത് മാനുഷിക പ്രശ്‌നമായി തന്നെ കാണണം. ഇസ്‌റാഈലിന്റെ ആക്രമണത്തില്‍ പിഞ്ചോമനകളും സ്ത്രീകളുമാണ് പിടഞ്ഞു മരിക്കുന്നത്. ആതുരാലയങ്ങളും സ്‌കൂളുകളും മാത്രമല്ല, നിരപരാധികള്‍ അഭയം തേടിയ സ്ഥലങ്ങള്‍ വരെ തിരഞ്ഞു പിടിച്ചാണ് ആക്രമിക്കുന്നത്. പശ്ചിമേഷ്യയില്‍ സമാധാനം പുലരാനും ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും എല്ലാവരും പ്രാര്‍ഥന നടത്തണമെന്നും കാന്തപുരം അഭ്യര്‍ഥിച്ചു.