Connect with us

Malappuram

ഫലസ്തീന്‍ ജനതക്കായി വിജയം വരെ പോരാടും: സ്വാലിഹ് ഫാഹിദ് മുഹമ്മദ്‌

Published

|

Last Updated

മലപ്പുറത്ത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനത്തില്‍ ഫലസ്തീന്‍ ഡെപ്യൂട്ടി ചീഫ് സ്വാലിഹ് ഫാഹിദ് മുഹമ്മദ് പ്രസംഗിക്കുന്നു

മലപ്പുറം: ഫലസ്തീന്‍ ജനതയുടെ ആത്മാഭിമാനവും മനുഷ്യത്വവും സംരക്ഷിക്കാന്‍ വിജയം വരെ പോരാടുമെന്നും ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യക്കെതിരെ ലോകമനഃസാക്ഷി ഉണരണമെന്നും ഫലസ്തീന്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സ്വാലിഹ് ഫാഹിദ് മുഹമ്മദ്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നടത്തിയ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌റാഈലിനെതിരെയുള്ള പോരാട്ടത്തില്‍ ഹമാസും ഫതഹും അടങ്ങിയ സര്‍ക്കാര്‍ ഒറ്റക്കെട്ടാണ്. ഹമാസ് ഫലസ്തീനിന്റെ ഭാഗമാണ്. രാജ്യം വിഭജിച്ചു നില്‍ക്കണമെന്നത് ഇസ്‌റാഈലിന്റെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീന്‍ ജനതയെയും രാഷ്ട്രീയത്തെയും സംസ്‌കാരത്തെയുമാണ് ഹമാസ് പ്രതിനിധാനം ചെയ്യുന്നത്. ഇസ്‌റാഈലി ആക്രമണങ്ങളില്‍ നിന്ന് രാജ്യത്തെ ജനങ്ങളെ പ്രതിരോധിക്കേണ്ടത് ഹമാസിന്റെ ഉത്തരവാദിത്വമാണ്. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശത്തേക്ക് നിരന്തരം ബോംബാക്രമണങ്ങള്‍ നടത്തുന്നത് ഈ ലക്ഷ്യത്തോടെയാണ്. സാധാരണക്കാരെയാണ് ഇസ്‌റാഈല്‍ ഉന്നം വെക്കുന്നത്. ഗാസയെ ആയുധങ്ങള്‍ പരീക്ഷിക്കാനുള്ള മുനമ്പായാണ് ഇസ്‌റാഈല്‍ കാണുന്നത്. ഇങ്ങനെ പോയാല്‍ 2020ഓടെ ഗാസയില്‍ മനുഷ്യജീവന്‍ തന്നെയുണ്ടാകില്ല. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയിലൂടെ ഇസ്‌റാഈലിനെ ഒറ്റപ്പെടുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി ഇ അഹമ്മദ്, മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ഫ്രണ്ട്‌ലൈന്‍ എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പ്രസംഗിച്ചു.

Latest