Connect with us

Ongoing News

പരിസ്ഥിതി സെക്രട്ടറി മൊഹന്തിയെ മാറ്റാന്‍ ശിപാര്‍ശ

Published

|

Last Updated

തിരുവനന്തപുരം: പരിസ്ഥിതി സെക്രട്ടറി പി കെ മൊഹന്തിയെ മാറ്റാന്‍ ശിപാര്‍ശ. ഇതുസംബന്ധിച്ച റിപോര്‍ട്ട് ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണന്‍ വനം-പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു കൈമാറി. മൊഹന്തിയെ വനംവകുപ്പിലെ മറ്റൊരിടത്തേക്ക് മാറ്റാനാണ് നീക്കം. ഗതാഗത സെക്രട്ടറി വി എം ഗോപാലമേനോന്‍ പുതിയ പരിസ്ഥിതി സെക്രട്ടറിയാസും. കൊച്ചി ചെലവന്നൂരില്‍ കായല്‍ കൈയേറി ഡി എല്‍ എഫ് നിര്‍മിച്ച ഫഌറ്റ് സമുച്ചയനിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി നല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരിസ്ഥിതി സെക്രട്ടറി പി കെ മൊഹന്തിക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചത്. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളെത്തുടര്‍ന്ന് ക്രമവിരുദ്ധമായി നല്‍കിയ നിര്‍മാണ അനുമതി റദ്ദാക്കിയിരുന്നു. തുടര്‍ന്നുള്ള വിശദമായ അന്വേഷണത്തിനു ശേഷമാണ് മൊഹന്തിയെ പരിസ്ഥിതി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാന്‍ ചീഫ് സെക്രട്ടറി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ശിപാര്‍ശ നല്‍കിയത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം രണ്ട്ദിവസത്തിനകമുണ്ടായേക്കും.
അടിമലത്തുറയില്‍ കായല്‍ കൈയേറി നടത്തിയ നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു. വിവിധയിടങ്ങളില്‍ 17 ക്വാറികള്‍ക്ക് അനുമതി നല്‍കികൊണ്ടുള്ള പി കെ മൊഹന്തിയുടെ ഉത്തരവും ചര്‍ച്ചക്കിടയാക്കി.
നേരത്തേ, കോണ്‍ഗ്രസ് നിയമസഭാ ചീഫ് വിപ്പ് ടി എന്‍ പ്രതാപന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്കും നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കാലാവസ്ഥാ പരിസ്ഥിതി വ്യതിയാന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

 

Latest