ഇസ്‌റാഈലിലേക്ക് കൂടുതല്‍ യു എസ് ആയുധങ്ങള്‍

Posted on: August 1, 2014 9:46 am | Last updated: August 1, 2014 at 10:00 am

gun new

ഗാസ/ ജറൂസലം: ഗാസ- ഇസ്‌റാഈല്‍ അതിര്‍ത്തിപ്രദേശത്ത് ഹമാസ് നിര്‍മിച്ച തുരങ്കങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കുന്നത് വരെ ആക്രമണം തുടരുമെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യു എന്നും ലോകരാഷ്ട്രങ്ങളും നടത്തുന്ന വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ പരിഗണിക്കാതെ ആക്രമണവുമായി മുന്നോട്ടു പോകാനാണ് ഇസ്‌റാഈലിന്റെ തീരുമാനം. ഇസ്‌റാഈലിന്റെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സൈന്യം ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന ദൗത്യത്തെ പിന്നോട്ടടിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കില്ലെന്ന് ടെല്‍ അവീവില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിന് മുമ്പ് നെതന്യാഹു പറഞ്ഞു. അതിനിടെ, ഇസ്‌റാഈലിന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ യു എസ് തീരുമാനിച്ചു.
നിരവധി തുരങ്കങ്ങള്‍ ഇതിനകം തകര്‍ത്തിട്ടുണ്ട്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടോ അല്ലാതെയോ ഈ ദൗത്യം പൂര്‍ത്തിയാക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഇരുപത്തഞ്ച് ദിവസമായി ഗാസയില്‍ തുടരുന്ന ഇസ്‌റാഈല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യു എന്നും ലോകരാഷ്ട്രങ്ങളും നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് നെതന്യാഹുവിന്റെ പ്രസ്താവനയെന്ന് നയതന്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രസ്താവനക്ക് പിന്നാലെ ഗാസയിലെ സൈനിക സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്. പതിനാറായിരം സൈനികരെയാണ് അധികമായി അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചത്. ഇതുള്‍പ്പെടെ എണ്‍പത്തിയാറായിരം സൈനികരെ അതിര്‍ത്തി മേഖലകളില്‍ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.
ആക്രമണങ്ങളെ തുടര്‍ന്ന് ഗാസയിലെ 4,25,000 ആളുകള്‍ അഭയാര്‍ഥികളാകുകയോ പലായനം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്നാണ് യു എന്‍ വിലയിരുത്തുന്നത്. ഗാസയിലെ മൊത്തം ജനസംഖ്യയുടെ ഇരുപത്തിയഞ്ച് ശതമാനം വരുമിത്. തീരദേശ പ്രദേശങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ പതിമൂന്ന് പേരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. ഇതോടെ മരിച്ചവരുടെ എണ്ണം 1,371 ആയതായി ഗാസയിലെ ആരോഗ്യ മന്ത്രാലയ അധികൃതര്‍ അറിയിച്ചു. 7,700 പേരെ പരുക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ ഇസ്‌റാഈലിലെ രണ്ട് സാധാരണക്കാരും ഒരു തായ് സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. കരയാക്രമണത്തിനിടെ 58 ഇസ്‌റാഈല്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. വീടുകളും ആശുപത്രികളും അഭയാര്‍ഥി ക്യാമ്പുകളും ആക്രമിക്കുന്ന ഇസ്‌റാഈല്‍ നടപടിയെ യു എന്‍ മനുഷ്യാവകാശ കമ്മീഷന്‍ മേധാവി നവി പിള്ള അപലപിച്ചു.
ഇതിനിടെ ഇസ്‌റാഈലിനുള്ള ആയുധ വിതരണം യു എസ് പുനരാരംഭിച്ചു. ഗ്രനേഡുകള്‍, മോര്‍ട്ടാറുകള്‍ തുടങ്ങിയവയാണ് ഇസ്‌റാഈലിന് നല്‍കുന്നതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി റിയര്‍ അഡ്മിറല്‍ ജോണ്‍ കിര്‍ബി അറിയിച്ചു. സഖ്യ രാഷ്ട്രങ്ങളില്‍ ആയുധം ശേഖരിക്കാനുള്ള വാര്‍ റിസര്‍വ് സ്റ്റോക്ക് അലൈസ് പദ്ധതിയുടെ ഭാഗമായാണ് ഇസ്‌റാഈലിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ എത്തിക്കുന്നത്. മേഖലയില്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ ഉപയോഗിക്കാനുള്ള ആയുധം ശേഖരിച്ചുവെക്കുകയെന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. പക്ഷേ, ഈ ആയുധങ്ങള്‍ അടിയന്തര ഘട്ടങ്ങളില്‍ ഇസ്‌റാഈലിന് ഉപയോഗിക്കാമെന്ന് വ്യവസ്ഥയുണ്ട്. സൂക്ഷിച്ചുവെച്ചിട്ടുള്ള 40 എം എം ഗ്രനേഡുകള്‍, 120 എം എം മോര്‍ട്ടാര്‍ റൗണ്ട്‌സ് തുടങ്ങിയവ ഇസ്‌റാഈലിന് ഉപയോഗിക്കാമെന്നാണ് യു എസ് വ്യക്തമാക്കിയത്. ഇരു വിഭാഗവും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യു എസ് പ്രസിഡന്റ് ബരാക് ഒബാമ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ആയുധങ്ങള്‍ ഇസ്‌റാഈലിന് നല്‍കുന്നത്.