മദ്‌റസാ നിര്‍മാണത്തിന് വഖ്ഫ് ബോര്‍ഡ് സ്റ്റേ നല്‍കിയതിന് പിന്നില്‍ ദുരൂഹത

Posted on: August 1, 2014 12:57 am | Last updated: August 1, 2014 at 12:57 am

കാസര്‍കോട്: സംഘടനാ വിരോധത്തിന്റെ പേരില്‍ ഊജംപാടിയിലെ അറുപതോളം വിദ്യാര്‍ഥികളുടെ മതപഠനം തടസ്സപ്പെടുത്താന്‍ ഗൂഢ നീക്കങ്ങള്‍ നടക്കുന്നതായി സുന്നി സംഘടനാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഊജംപാടി മഹല്ലില്‍ നിലവിലുള്ള അനുരഞ്ജനവും സമാധാനവും തകര്‍ക്കാനും നാട്ടില്‍ ബോധപൂര്‍വം കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് ചേളാരി വിഭാഗം ഇപ്പോള്‍ വഖ്ഫ് ബോര്‍ഡിനെ സ്വാധീനിച്ച് രിഫാഇയ്യ സുന്നി മദ്രസ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ വാങ്ങിയിട്ടുള്ളത്. മദ്രസാ അധ്യയന വര്‍ഷം ആരംഭിക്കാറായ സമയത്ത് ഇത്തരമൊരു നീക്കം നടത്തിയത് മത വിദ്യാര്‍ഥികളുടെ പഠനം മുടക്കുകയെന്ന ലക്ഷ്യത്തോടെയാണ്. ഇരു വിഭാഗത്തിനും കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ഒരു മാസം സമയമനുവദിച്ചിട്ടും തിടുക്കപ്പെട്ട് വഖ്ഫ് ബോര്‍ഡ് സ്റ്റേ നല്‍കിയതിനു പിന്നില്‍ ദുരൂഹതയുള്ളതായി നേതാക്കള്‍ ആരോപിച്ചു.
ദേലമ്പാടി പഞ്ചായത്തിലെ ഊജംപാടി മഹല്ലില്‍ സുന്നികളിലെ ഇരു വിഭാഗങ്ങളുടെയും സിലബസനുസരിച്ച് രണ്ട് വിദ്യാഭ്യാസ ബോര്‍ഡുകളുടെയും അംഗീകാരമില്ലാതെ തന്നെ ഏറെക്കാലം നല്ല നിലയില്‍ മദ്രസാ പ്രവര്‍ത്തനം നടന്നിരുന്നു. 12 വര്‍ഷം മുമ്പ് മഹല്ല് ജമാഅത്തിന്റെ അംഗീകാരമില്ലാതെ ചേളാരി വിഭാഗം രഹസ്യമായി ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡില്‍ മദ്രസക്ക് അംഗീകാരം വാങ്ങിയതോടെ ഭൂരിഭാഗം വരുന്ന സുന്നി വിഭാഗത്തിന് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടായി.
മൂന്ന് പതിറ്റാണ്ടിലേറെയായി മഹല്ലിന്റെ ആത്മീയ നേതൃത്വം വഹിക്കുന്ന പ്രസിഡന്റ് കൂടിയായ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂലിന്റെ മധ്യസ്ഥതയില്‍ ആദൂര്‍ എസ് ഐ മുന്‍കൈയെടുത്ത് 2012 ഡിസംബര്‍ മൂന്നിന് അനുരഞ്ജന കരാര്‍ ഉണ്ടാക്കി. ഇരു വിഭാഗത്തില്‍ നിന്നുമായി പത്ത് പേര്‍ ഒപ്പിട്ട കരാര്‍ പ്രകാരം നിലവിലുള്ള മദ്രസയില്‍ ഇരു വിഭാഗത്തിന്റെയും സിലബസ് തുടരാനും ഭാവിയില്‍ വെവ്വേറെ കെട്ടിടം സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.
ഈ കരാര്‍ ചേളാരി വിഭാഗം ലംഘിച്ചപ്പോള്‍ നാട്ടില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അഭ്യര്‍ഥിച്ചതനുസരിച്ച് ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ ഇടപെടുകയുമുണ്ടായി. ജില്ലാ കലക്ടര്‍ ഇരു വിഭാഗത്തെയും വിളിച്ചു വരുത്തി ചര്‍ച്ച ചെയ്യുകയും പ്രശ്‌നത്തിന് ശാശ്വത പരിഹാരം എന്ന നിലയില്‍ സുന്നി പ്രവര്‍ത്തകര്‍ക്ക് സ്വന്തമായി സുന്നി സിലബസനുസരിച്ച് മദ്രസാ പ്രവര്‍ത്തനം നടത്താന്‍ പള്ളി കോമ്പൗണ്ടില്‍ തന്നെ പുതിയൊരു കെട്ടിടം ഉണ്ടാക്കുന്നതിന് തീരുമാനമെടുക്കുകയുമായിരുന്നു.
ജില്ലാ കലക്ടറുടെ 2013 സെപ്തംബര്‍ അഞ്ചിലെ നിര്‍ദേശമനുസരിച്ച് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് താത്കാലിക കെട്ടിടമുണ്ടാക്കി കഴിഞ്ഞ അധ്യയന വര്‍ഷം സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ് അനുസരിച്ച് മദ്രസാ പ്രവര്‍ത്തനം നല്ല നിലയില്‍ നടക്കുകയും ചെയ്തിരുന്നു. റമസാന്‍ വെക്കേഷനില്‍ മദ്രസാ നവീകരിക്കുന്നതിന് നിലവിലെ താത്കാലിക ഷെഡ് മാറ്റി സ്ഥിരം കെട്ടിടം പണിയുന്നതിന് തറ നിര്‍മാണം തുടങ്ങിയപ്പോള്‍ ചേളാരി വിഭാഗം അതു പൊളിച്ചു നീക്കിയത് നാട്ടില്‍ സംഘര്‍ഷത്തിന് വഴിവെച്ചതാണ്.
സുന്നി വിഭാഗം സംയമനം പാലിക്കുകയും മറുവിഭാഗം കരാര്‍ നിരന്തരമായി ലംഘിക്കുന്ന കാര്യം ആദൂര്‍ സി ഐയെ ബോധിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സി ഐയുടെ നിര്‍ദേശ പ്രകാരം സ്ഥലം വീണ്ടും അളന്ന് ക്ലിപ്തപ്പെടുത്തി കൊടുക്കുകയും മദ്രസയുടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇതിനിടയില്‍ ചേളാരി വിഭാഗം വഖ്ഫ് ബോര്‍ഡില്‍നിന്നു സ്‌റ്റേയുമായി വന്നത് പോലീസ് അധികാരികളുടെയും ജില്ലാ ഭരണകൂടത്തിന്റെയും എല്ലാ അനുരഞ്ജന നീക്കവും തകര്‍ക്കുന്ന ലക്ഷ്യത്തോടെയാണ്. ഇതിനെതിരെ സുന്നി പ്രവര്‍ത്തകര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുകയും വഖ്ഫ് ബോര്‍ഡിനെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മഹല്ലില്‍ അനുരഞ്ജനമുണ്ടാക്കിയതില്‍ വിറളി പൂണ്ടവര്‍ കരാറിനു വിരുദ്ധമായി സുന്നി വിഭാഗത്തിനു ഊര് വിലക്ക് ഏര്‍പ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സുന്നി വിഭാഗത്തിന്റെ വരിസംഖ്യ സ്വീകരിക്കാതിരിക്കുകയും പള്ളിയിലെ ഉദ്യോഗസ്ഥരെ മതചടങ്ങുകള്‍ക്ക് അയക്കാതിരിക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് എം എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, റഫീഖ് സഅദി ദേലമ്പാടി, ഹസ്ബുല്ലാഹ് തളങ്കര, അബ്ബാസ് ഹസന്‍കുട്ടി ഊജംപാടി തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.