Connect with us

Ongoing News

പാര്‍ട്ടി പുനഃസംഘടന ഗ്രൂപ്പടിസ്ഥാനത്തില്‍ അനുവദിക്കില്ല: സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: പാര്‍ട്ടി പുനഃസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിലാകില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഡി സി സി തലം മുതല്‍ താഴേത്തട്ടുവരെയുള്ള പാര്‍ട്ടി പുനഃസംഘടന ഒരു കാരണവശാലും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള പങ്കുവെക്കലായി മാറരുതെന്ന് കെ പി സി സി നേതൃയോഗത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഗ്രൂപ്പുകള്‍ യാഥാര്‍ഥ്യമാണെന്നും അതിനേക്കാള്‍ അപ്പുറത്താണ് പ്രവര്‍ത്തന മികവെന്നും അദ്ദേഹം വ്യക്തമാക്കി. കെ പി സി സി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വഭാവശുദ്ധിയും മുന്‍കാല പ്രവര്‍ത്തനങ്ങളും പുനഃസംഘടനയില്‍ യോഗ്യതാ മാനദണ്ഡമാക്കും. ഗ്രൂപ്പ് വീതംവെപ്പിന്റെ പേരില്‍ എതെങ്കിലും ജില്ലയില്‍ യോഗ്യതയില്ലാത്തവരെയും രാഷ്ട്രീയ സമരത്തിന്റെ പേരില്‍ ഒഴികെയുള്ള ക്രിമിനല്‍ കേസുകളിലും സാമ്പത്തിക കേസുകളിലും ഉള്‍പ്പട്ടവരെയും ഭാവാഹികളാക്കിയാല്‍ അവരെ കെ പി സി സി ഇടപെട്ട് ഒഴിവാക്കും.
പാര്‍ട്ടിയുടെ താഴെത്തട്ടില്‍ ഫലപ്രദമായ കമ്മിറ്റികളുണ്ടാകണം. മദ്യകച്ചവടത്തിലും ബ്ലേഡ് കമ്പനിയിലും പങ്കാളിത്തമുള്ളവരെയും ലഹരി ഉപയോഗം ഉള്‍പ്പടെ സ്വഭാവ ശുദ്ധിയില്ലാത്തവരെയും ഭാരവാഹിത്വത്തിലേക്ക് പരിഗണിക്കരുത്. പുതിയ ബൂത്ത് കമ്മിറ്റികളെ നിശ്ചയിക്കാന്‍ ആഗസ്റ്റ് 10ന് വൈകിട്ട് നാലിന് സംസ്ഥാനത്തൊട്ടാകെ ഒരേസമയം യോഗം ചേരും. ഒഴിവാക്കാനാകാത്ത ഏതെങ്കിലും പ്രാദേശികമായ സാഹചര്യത്തിന്റെ പേരില്‍ 10ന് നടക്കേണ്ട ബൂത്ത്തല യോഗം ജില്ലാതല പുനഃസംഘടനാ കമ്മിറ്റിക്ക് കൂടി ബോധ്യപ്പെടുന്നപക്ഷം മാറ്റിവെക്കാം. എല്ലാ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും സ്വന്തം ബൂത്തുകമ്മിറ്റി യോഗത്തില്‍ സംബന്ധിക്കുമെന്നും സുധീരന്‍ പറഞ്ഞു.
പുനസംഘടനാ മാനദണ്ഡങ്ങള്‍ യോഗം അംഗീകരിച്ചു. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റ് പദവിയില്‍ 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്നവരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് നിര്‍ബന്ധമായും മാറ്റും. എന്നാല്‍, ഡി സി സി ഭാവാഹിത്വത്തിന് കാലപരിധി ഉണ്ടാവില്ല. പ്രവര്‍ത്തന മികവ് കാട്ടാത്ത മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരെ തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റുന്നതിന് 10 വര്‍ഷമെന്ന കാലപരിധി തടസ്സമാകില്ല.
മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ രൂപവത്കരണം ആഗസ്റ്റ് 20നകവും ഡി സി സി ഭാരവാഹികളെ ആഗസ്റ്റ് 31നകവും നിശ്ചയിക്കും. മണ്ഡലം കമ്മിറ്റി ഭാരവാഹികളെ അതത് ഡി സി സികള്‍ക്ക് പ്രഖ്യാപിക്കാം. എന്നാല്‍, ജില്ലാതല പുനഃസംഘടനാ സമിതി നല്‍കുന്ന ശിപാര്‍ശയുടെ കൂടി അടിസ്ഥാനത്തില്‍ ബ്ലോക്ക് പ്രസിഡന്റുമാരെയും ഡി സി സി ഭാരവാഹികളെയും സംബന്ധിച്ച പ്രഖ്യാപനം കെ പി സി സി ആയിരിക്കും നടത്തുക. ഡി സി സി പുനഃസംഘടനയില്‍ പുതുമുഖങ്ങള്‍ക്ക് 50 ശതമാനം അവസരം നല്‍കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാരെ പാര്‍ട്ടിയുടെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് പരിഗണിക്കില്ല. എന്നാല്‍ പ്രസിഡന്റ് ഒഴികെയുള്ള ഭാരവാഹിത്വം പാര്‍ട്ടിയുടെ ഏത് കമ്മിറ്റിയിലും ലഭിക്കാന്‍ അവര്‍ അര്‍ഹരായിരിക്കും. പാര്‍ട്ടി അംഗത്വവിതരണം ഡിസംബറിനകം പൂര്‍ത്തീകരിച്ച് എ ഐ സി സി പ്രഖ്യാപിക്കുന്ന ഷെഡ്യൂള്‍ പ്രകാരം സംഘടനാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സുധീരന്‍ വ്യക്തമാക്കി. എല്ലാ ജില്ലകളിലും ആഗസ്റ്റ് ഒമ്പതിനകം ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനാചരണം സംഘടിപ്പിക്കാനും ഒമ്പതു മുതല്‍ 15 വരെയുള്ള ഒരാഴ്ചക്കാലം അക്രമവിരുദ്ധ വാരമായി ആചരിക്കാനും നേതൃയോഗം തീരുമാനിച്ചു. കെ കരുണാകരനൊപ്പം പാര്‍ട്ടിയിലേക്ക് മടങ്ങിയത്തെിയവര്‍ക്ക് പുനഃസംഘടനയില്‍ അര്‍ഹമായ പരിഗണന ലഭിക്കണമെന്ന് പത്മജാ വേണുഗോപാല്‍, കെ പ്രവീണ്‍ കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Latest