കണ്ണുനീരിന് പകരം ചോര: അപൂര്‍വ രോഗവുമായി രാജസ്ഥാന്‍ വനിത

Posted on: August 1, 2014 12:09 am | Last updated: August 1, 2014 at 12:09 am

imagesജയ്പൂര്‍: അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗത്തിന്റെ പിടിയിലാണ് 22കാരിയായ ലക്ഷയ ബെയ്‌സ് എന്ന യുവതി. കണ്ണുനീര്‍ പോലെ കണ്ണില്‍ നിന്ന് രക്തം വരുന്ന അപൂര്‍വ രോഗമാണ് ഈ യുവതിക്ക്. ചികിത്സാ ചരിത്രത്തില്‍ത്തന്നെ ഈ രോഗം ബാധിച്ച മൂന്നാമത്തെ വ്യക്തിയാണ് ഇവര്‍. മഹാറാവു ഭീം സിംഗ് ആശുപത്രിയിലെ ഡോ. മനോജ് സലൂജയാണ് നിലവില്‍ ലക്ഷയയെ ചികിത്സിക്കുന്നത്. തന്റെ ഔദ്യോഗിക ജീവവിതത്തിലെ ആദ്യത്തെ സംഭവമാണിതെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ ആളാണ് ലക്ഷയ. മറ്റ് രണ്ട് പേര്‍ ലക്‌നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഉള്ളവരാണ്. രക്തം കട്ടപിടിക്കുന്ന പ്രക്രിയയില്‍ വന്ന വ്യതിയാനമാണ് ലക്ഷയയുടെ പ്രശ്‌നത്തിന്റെ കാരണം. ഈ അപൂര്‍വ രോഗത്തിനുള്ള ചികിത്സാച്ചെലവ് വളരെ ഉയര്‍ന്നതാണ്. കൂടാതെ ചികിത്സ ലഭിക്കാനുള്ള സൗകര്യവും വളരെ ദുര്‍ലഭമാണ്.
മെയ് 25നാണ് ലക്ഷയയുടെ ഈ പ്രശ്‌നം ആദ്യമായി ശ്രദ്ധയില്‍പ്പെടുന്നത്. കണ്ണുനീരിന് പകരം രക്തം വരുമ്പോള്‍ അവള്‍ അബോധാവസ്ഥയിലാകുമെന്ന് ലക്ഷയയുടെ പിതാവ് രത്തന്‍ സിംഗ് പറയുന്നു.
നിരവധി ആശുപത്രികളില്‍ ചികിത്സക്ക് വിധേയമാക്കിയെങ്കിലും രോഗത്തെക്കുറിച്ച് വ്യക്തമായ പറയാന്‍ ആര്‍ക്കും സാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. പരിശോധന നടത്തിയ എല്ലാ ഡോക്ടര്‍മാരും പെണ്‍കുട്ടിക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് പറയുന്നു.