Connect with us

Kerala

അന്വേഷണത്തിന് അമിക്കസ് ക്യൂറി; പാറ്റൂര്‍ ഫഌറ്റ് നിര്‍മാണം ലോകായുക്ത സ്റ്റേ ചെയ്തു

Published

|

Last Updated

തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയിലെ ഫഌറ്റ് നിര്‍മാണം ലോകായുക്ത സ്റ്റേ ചെയ്തു. വിവാദ ഭൂമിയിടപാട് അന്വേഷിക്കാന്‍ ലോകായുക്ത അമിക്കസ് ക്യൂറിയെ നിയോഗിച്ചു. സര്‍ക്കാര്‍ ഭൂമി കൈയേറിയതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ലോകായുക്ത ഡിവിഷന്‍ ബഞ്ചിന്റെ നടപടി. ഹൈക്കോടതി അഭിഭാഷകനായ കെ ബി പ്രദീപിനാണ് അന്വേഷണ ചുമതല. പയസ് കുര്യാക്കോസും കെ പി ബാലചന്ദ്രനും ഉള്‍പ്പെട്ട ലോകായുക്ത ഡിവിഷന്‍ ബഞ്ചിന്റെതാണ് ഉത്തരവ്.
ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍ അടക്കം ആരോപണവിധേയരായ പാറ്റൂര്‍ ഭൂമി ഇടപാടില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് ജോയ് കൈതാരം സമര്‍പ്പിച്ച ഹരജിയിലാണ് നടപടി. ഉദ്യോഗസ്ഥര്‍ ക്രമക്കേട് നടത്തിയതായും ലോകായുക്ത കണ്ടെത്തി. ലോകായുക്ത അന്വേഷണ സംഘവും അന്വേഷണവുമായി സഹകരിക്കും. പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ഫഌറ്റ് നിര്‍മാണം നടക്കുന്നതായി കണ്ടെത്തിയത് സി എ ജിയാണ്. റവന്യു സെക്രട്ടറി നടത്തിയ അന്വേഷണത്തിലും സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയും വാട്ടര്‍ അതോറിറ്റിയുടെ ഭൂമിയും കൈയേറിയാണ് ഫഌറ്റ് നിര്‍മാണമെന്ന് കണ്ടെത്തി.
എന്നാല്‍ പിന്നീട് സര്‍ക്കാര്‍ സ്ഥലം കൈയേറിയില്ലെന്നുള്ള നിലപാടില്‍ അധികൃതര്‍ എത്തി. തുടര്‍ന്ന് നടന്ന വിജിലന്‍സ് അന്വേഷണത്തിലും കൈയേറ്റം ശരിവെക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. അന്വേഷണത്തിനായി വിജിലന്‍സ് എ ഡി ജി പി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട രേഖ പരിശോധിക്കുമ്പോള്‍ അഴിമതി നടന്നിട്ടുള്ളതായി വ്യക്തമാണ്. ഇത് അന്വേഷിക്കാനാണ് സംഘത്തെ നിയോഗിച്ചതെന്നും ലോകായുക്ത ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു.

Latest