Connect with us

Wayanad

വാര്യാട് എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് മെഗാ വ്യവസായ പാര്‍ക്ക് തുടങ്ങണം

Published

|

Last Updated

കല്‍പ്പറ്റ: വാര്യാട് എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് മെഗാവ്യവസായ പാര്‍ക്ക് തുടങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന് കേരളാ ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പലപല നിയമങ്ങള്‍ കൊണ്ടുവന്ന് ചെറുകിട വ്യവസായ മേഖലയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കണശമന്നും ആവശ്യപ്പെട്ടു. മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുതിയ ഉത്തരവു പ്രകാരം റോഡില്‍ നിന്നും 10 മീറ്റര്‍ വിട്ടുമാത്രമേ വ്യവസായ യുണിറ്റുകള്‍ തുടങ്ങാന്‍ പാടുള്ളു. ഇതോടെ നാമമാത്രമായ സ്ഥലമുള്ളവര്‍ക്ക് വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്.
ഹരിതട്രിബ്യൂണലിന്റെ ഉത്തരവു പ്രകാരം ജില്ലയിലെ ക്വാറികള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഇതോടെ ജില്ലയിലെ ഹോളോബ്രിക്‌സ് മേഖല തകര്‍ച്ചയുടെ വക്കിലാണ്. ചെറുകിട വ്യവസായത്തെ പാടേ തകര്‍ക്കുന്ന തരത്തിലാണ് വൈദ്യുതിബോര്‍ഡിന്റെ പ്രവര്‍ത്തനം. രാവിലെയും വൈകുന്നേരവും ഉള്ള സമയ കണക്കാക്കി വൈദ്യുതി ഉപയോഗത്തിന് സാധാരണ ചാര്‍ജ്ജിനേക്കാള്‍ ഇരട്ടിചാര്‍ജ്ജാണ് ഈടാക്കുന്നത്. വ്യവസായികളുടെ ചെലവില്‍ സ്ഥാപിച്ച മീറ്ററിനുപോലും വൈദ്യുതിബോര്‍ഡ് വാടക ഈടാക്കുകയാണ്. ഇത് അവസാനിപ്പിക്കണം.
ത്രിതല പഞ്ചായത്തുകളില്‍ നിന്നും ലഭിക്കുന്ന ലൈസന്‍സുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവക്ക് കാലാവധി അഞ്ചുവര്‍ഷമാക്കണം. ധനകാര്യ സ്ഥാപനങ്ങള്‍ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ വായ്പ നല്‍കാന്‍ തയ്യാറാകണം. എടുത്ത വായ്പയില്‍ തിരിച്ചടവ് എത്തിയില്ലെന്ന കാരണത്താല്‍ മൂന്നുമാസം കുടിശ്ശികയുടെ പേരില്‍ സ്ഥാപണം പൂട്ടിക്കുയും സര്‍ഫാസി ആക്ടില്‍ പെടുത്തി കൈവശപ്പെടുത്തുകയും ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അസോസിയേഷന്റെ ജില്ലാ തെരഞ്ഞെടുപ്പ് ജനറല്‍ ബോഡിയോഗം ഇന്ന് രാവിലെ പത്തുമണി മുതല്‍ കല്‍പ്പറ്റ എന്‍.ജി.ടി. ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ് ഉദ്ഘാടനം ചെയ്യും. മികച്ച് വ്യവസായിക്കുള്ള അവാര്‍ഡ്ദാനം നഗരസഭാ ചെയര്‍മാന്‍ പി.പി. ആലി നിര്‍വ്വഹിക്കും. കെ.കെ. വാസുദേവന്‍, സി. ധര്‍മ്മരാജന്‍, ജോണി പാറ്റാനി തുടങ്ങിയവര്‍ പ്രസംഗിക്കും. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഡോ. വി. സത്യാനന്ദന്‍ നായര്‍, സെക്രട്ടറി എ. ഭാസ്‌കരന്‍, ജോര്‍ജ്ജ് മുണ്ടക്കല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Latest