സോണിയ പ്രധാനമന്ത്രി ആകാതിരുന്നത് രാഹുലിന്റെ കടുംപിടിത്തം കാരണം: നട്‌വര്‍ സിംഗ്

Posted on: July 31, 2014 12:16 am | Last updated: July 31, 2014 at 12:17 am

natver singhന്യൂഡല്‍ഹി: 2004ല്‍ സോണിയാ ഗാന്ധി പ്രധാനമന്ത്രി ആകാതിരുന്നത് മകന്‍ രാഹുല്‍ ഗാന്ധിയുടെ കടുംപിടുത്തം കൊണ്ടാണെന്ന്, മുന്‍ വിദേശകാര്യമന്ത്രി നട്‌വര്‍ സിംഗ്. സോണിയ പ്രധാനമന്ത്രിസ്ഥാനമേറ്റാല്‍, പിതാവ് രാജീവ് ഗാന്ധിയെ പോലെ അവരും കൊല ചെയ്യപ്പെടുമെന്ന് രാഹുല്‍ ഗാന്ധി ഭയപ്പെട്ടിരുന്നുവെന്നും ഒരു വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നട്‌വര്‍ സിംഗ് വെളിപ്പെടുത്തി.
ഇങ്ങനെയൊരു തീരുമാനമെടുക്കുമ്പോള്‍ സുമന്‍ ദുബെ, മന്‍മോഹന്‍ സിംഗ്, പ്രിയങ്ക ഗാന്ധി എന്നിവര്‍ സാക്ഷികളായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന ആത്മകഥയില്‍ നിന്നും ഈ കഥ ഒഴിവാക്കണമെന്ന അഭ്യര്‍ഥനയുമായി കഴിഞ്ഞ മെയ് മാസം പ്രിയങ്ക വദ്ര തന്നെ വന്ന് കണ്ടിരുന്നുവെന്ന് കരണ്‍ ഥാപ്പര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ കേന്ദ്രമന്ത്രി നട്‌വര്‍ സിംഗ് പറഞ്ഞു. നട്‌വര്‍ സിംഗിന്റെ പുറത്തിറങ്ങാനിരിക്കുന്ന ആത്മകഥയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരിപ്പിക്കുന്ന പലതും ഉണ്ടാകാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഗാന്ധി കുടുംബത്തിലെ മൂന്ന് തലമുറകളുമായി ഉറ്റ ബന്ധമുണ്ടായിരുന്ന സിംഗ്, പാര്‍ട്ടിക്കകത്തെ കാര്യങ്ങള്‍ നന്നായി അറിയുന്ന ആളുമാണ്.
1991ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സോണിയാ ഗാന്ധിയുടെ പ്രഥമ പരിഗണന മുന്‍ രാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മക്കായിരുന്നു. രണ്ടാമത് പരിഗണന നരസിംഹ റാവുവിനും. അനാരോഗ്യം കാരണം ശര്‍മ പ്രധാനമന്ത്രിയാകാന്‍ വിസമ്മതിച്ചപ്പോള്‍ നറുക്ക് റാവുവിന് വീഴുകയായിരുന്നു.