മൊബൈലില്‍ മോഹന വാഗ്ദാനം: ഉപഭോക്താക്കള്‍ വഞ്ചിതരാകുന്നു

Posted on: July 28, 2014 11:22 am | Last updated: July 28, 2014 at 11:22 am

mobileകല്‍പ്പറ്റ: മൊബൈലില്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും കോടികളുടെ പ്രൈസ്മണിക്ക് അര്‍ഹനായി എന്നും കാണിച്ച് മെസ്സേജുകള്‍. വഞ്ചിതരായ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടം.
തിരഞ്ഞെടുത്ത നമ്പറുകള്‍ക്ക് മാത്രമെ പ്രൈസ്മണി നല്‍കൂവെന്നും അതിനാല്‍ നിങ്ങള്‍ക്ക് ലഭിച്ച അസുലഭ ഭാഗ്യം നഷ്ടപ്പെടുത്തരുതെന്നുമുള്ള മുന്നറിയിപ്പോടൊണ് പല മൊബൈല്‍ ഉപഭോക്താക്കള്‍ക്കും സന്ദേശം ലഭിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ പ്രൈസ് മണിക്ക് പുറമെ വില കൂടിയ കാറും നിങ്ങള്‍ക്ക് അവാര്‍ഡായി ലഭിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. സന്ദേശം ലഭിക്കുന്നവര്‍ അവര്‍ നിര്‍ദേശിച്ച ഫോണ്‍ നമ്പറില്‍ വിവരമറിയിക്കുകയോ അല്ലെങ്കില്‍ തട്ടിപ്പുകാര്‍ നിര്‍ദേശിച്ച ഈ മെയിലില്‍ അഡ്രസ് അടക്കമുളള വിശദ വിവരങ്ങള്‍ അറിയിക്കണമെന്നുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ചതിക്കുഴി തിരിച്ചറിയാത്ത ഉപഭോക്താക്കള്‍ സന്ദേശം ലഭിക്കുമ്പോള്‍ തിരിച്ച് ഫോണ്‍ വിളിക്കുകയോ അല്ലെങ്കില്‍ മെസ്സേജ് അയക്കുകയോ ചെയ്യും. ഭീമമായ സംഖ്യയാണ് ഫോണ്‍ കോളിന്നും മെസ്സേജിനും ചെലവാക്കുന്നത്. വിദേശത്ത് നിന്നാണ് പലപ്പോഴും ഇത്തരം മെസ്സേജുകള്‍ ഉപഭോക്താക്കള്‍ക്ക് വരുന്നത്. ഇതിനാലാണ് തിരിച്ച് മെസ്സേജിനും ഫോണ്‍ കോളിനും വന്‍ ചാര്‍ജ് വരുന്നത്. വന്‍കിട കമ്പനികള്‍ പോലും ഇത്തരത്തില്‍ മൊബൈല്‍ ഉപഭോക്താക്കളെ വഞ്ചിക്കുന്നുണ്ട്.