യുദ്ധ വിരുദ്ധ സന്ദേശമുയര്‍ത്തി പട്ടം പറത്തല്‍

Posted on: July 28, 2014 10:39 am | Last updated: July 28, 2014 at 10:39 am

കോഴിക്കോട്: ലോകത്ത് യുദ്ധ ഭീഷണി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുദ്ധ വിരുദ്ധ സന്ദേശമുയര്‍ത്തി നടത്തിയ പട്ടം പറത്തല്‍ ശ്രദ്ധേയമായി. ഒന്നാം ലോകമഹായുദ്ധത്തിന്റെ നൂറാം വാര്‍ഷികത്തോടനുന്ധിച്ച് വണ്‍ ഇന്ത്യ കൈറ്റ് ടീമാണ് കടപ്പുറത്ത് പട്ടം പറത്തല്‍ സംഘടിപ്പിച്ചത്. യുദ്ധത്തിനെതിരായ വേറിട്ട പ്രതിഷേധത്തില്‍ ബീച്ചിലെത്തിയ സന്ദര്‍ശകരും പങ്കുചേര്‍ന്നതോടെ പട്ടംപറത്തലിന് ആവേശമേറി. ചൈനയില്‍ നടന്ന ഇത്തവണത്തെ അന്താരാഷ്ട്ര പട്ടം പറത്തല്‍ മത്സരത്തില്‍ അവതരിപ്പിച്ച് രണ്ടാം സ്ഥാനം നേടിയ ‘യായ’ കുട്ടിത്താറാവിന്റെ മാതൃകയിലുള്ള ഭീമാകാരനായ പട്ടം ആകാശത്തേക്കുയര്‍ന്നതോടെ സന്ദര്‍ശകരില്‍ ആവേശമുണര്‍ന്നു.