ഇരു ചുരം ബദല്‍ റോഡുകളും ഫയലില്‍ ഉറങ്ങുന്നു

Posted on: July 27, 2014 11:09 am | Last updated: July 27, 2014 at 11:09 am

wayanadകല്‍പ്പറ്റ: രണ്ട് ചുരം ബദല്‍ റോഡുകളും ഫയലില്‍ ഉറങ്ങുന്നു. 2012ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ പാതയാണ് ആദ്യ ബദല്‍. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച മേപ്പാടി-കള്ളാടി-ആനക്കാംപൊയില്‍ റോഡാണ് രണ്ടാമത്തേത്. ആദ്യ ബദല്‍ റോഡിന്റെ പ്രാരംഭ ചെലവുകള്‍ക്കായി ബജറ്റില്‍ അഞ്ച് കോടി രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ പ്രഖ്യാപനം കഴിഞ്ഞ് രണ്ടര വര്‍ഷത്തോളമായ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ പാതയുടെ ഒരു നടപടികളും ഇതുവരെ തുടങ്ങിയില്ല. ഈ പാത നടക്കില്ലെന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് സംശമില്ല. രണ്ടാം ബദല്‍ പാതയായ മേപ്പാടി-കള്ളാടി-ആനക്കാംപൊയിലിന്റെ കാര്യത്തിലും സ്ഥിതി ഏതാണ്ട് ഇതുതന്നെയാണ്. ചുരത്തില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗത തടസം പതിവായ സാഹചര്യത്തിലാണ് ബദല്‍ റോഡിന് വേണ്ടിയുള്ള മുറവിളി വയനാട്ടില്‍ നിന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യെ ഉയര്‍ന്നത്. ദേശീയപാത 212ല്‍ നിന്ന് കോഴിക്കോട് മുതല്‍ മുത്തങ്ങ വരെയുള്ള ഭാഗം ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത് ചുങ്കം പിരിക്കാതെ ബദല്‍ റോഡ് അടക്കമുള്ളതിന്റെ നിര്‍മാണത്തിന് വേണ്ടിയെന്നാണ് പറഞ്ഞിരുന്നത്. നിലവിലെ ദേശീയ പാത 212ല്‍ 47.500 കിലോമീറ്ററില്‍ ചിപ്പിലിത്തോട് നിന്ന് ആരംഭിച്ച് 60.200 കിലോമീറ്ററില്‍ തളിപ്പുഴയില്‍ എത്തുന്ന ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദല്‍ റോഡാണ് സംസ്ഥാന സര്‍ക്കാര്‍ 2012-13ലെ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ മരുതിലാവ് വരെയുള്ള 5.4 കിലോമീറ്റര്‍ സ്വകാര്യ ഭൂമിയാണ്. അവിടെ നിന്ന് 3.340 കിലോമീറ്റര്‍ കോഴിക്കോട് ഡിവിഷനില്‍ ഉള്‍പ്പെടുന്ന റിസര്‍വ് വനമാണ്. 8.740 കിലോമീറ്ററില്‍ തുടങ്ങി 14.340 കിലോമീറ്റര്‍ വരെയുള്ള ഭാഗം വയനാട് അതിര്‍ത്തിയിലാണ്. വയനാട് അതിര്‍ത്തിയില്‍ വരുന്ന ഭാഗത്തും 5.6 കിലോമീറ്റര്‍ വനമാണ്. മൂന്ന് കിലോമീറ്റര്‍ റിസര്‍വ് വനവും 2.6 കിലോമീറ്റര്‍ ഇ എഫ് എല്‍ ഭൂമിയും. മൊത്തം 14.44 കിലോമീറ്റര്‍ റോഡില്‍ 8.940 കിലോമീറ്ററും വനഭൂമിയാണ്. ഈ വനഭൂമിയിലൂടെ റോഡ് നിര്‍മിക്കാനുള്ള അനുമതി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇതുവരെ കൊടുത്തില്ല. പ്രൊഫ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് മാനദണ്ഡം നിശ്ചയിക്കാന്‍ കേന്ദ്രം നിയോഗിച്ച ഡോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും ബദല്‍പാത കടന്നുപോവുന്ന രണ്ട് വില്ലേജുകളും അതീവ പരിസ്ഥിതിതി ലോല പ്രദേശത്തിലാണ് ഉള്‍പ്പെടുക. വയനാട്ടിലെ കുന്നത്തിടവക വില്ലേജും കോഴിക്കോട് ജില്ലയിലെ പുതുപ്പാടി വില്ലേജും. അതുകൊണ്ടുതന്നെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഈ ബദല്‍ പാതക്ക് ലഭിക്കില്ലെന്നും ആശങ്കയുണ്ട്. ചുരത്തിലെ പതിവ് ഗതാഗത തടസത്തില്‍ മാറ്റം വന്നതോടെ ചുരം ബദല്‍ റോഡെന്ന ആവശ്യം വയനാട്ടുകാര്‍ മറന്നതിനാല്‍ തല്‍ക്കാലം സര്‍ക്കാറും ജനപ്രതിനിധികളും രക്ഷപ്പെട്ടു. ഒരുതരത്തിലും ഈ റോഡിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കില്ലെന്ന് വനം-പൊതുമരാമത്ത് വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ചുരം റോഡ് രണ്ട് ലൈന്‍ പാതയാണ്. ഇത് മൂന്ന് ലൈന്‍ പാതയാക്കി മാറ്റാന്‍ വനഭൂമിക്കായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ മുതല്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കേന്ദ്രാനുമതി ലഭിച്ചില്ല. നിലവില്‍ ചുരത്തിന്റെ ആറ്, ഏഴ് വളവുകള്‍ വീതികൂട്ടാന്‍ രണ്ടര ഹെക്ടര്‍ ഭൂമിക്കായി അപേക്ഷിച്ചിട്ടു പോലും നടന്നില്ല. ഒടുക്കം നിലവിലുള്ള ചാലുകള്‍ മാറ്റി സ്ഥാപിച്ച് പേരിനെങ്കിലും വീതികൂട്ടാനുള്ള ശ്രമവും ഉപേക്ഷിക്കേണ്ടിവന്നു.
വനഭൂമിക്ക് കോട്ടംതട്ടുന്ന ഒരുപ്രവൃത്തിയും അനുവദിക്കില്ലെന്ന കര്‍ശന നിലപാട് വനം-പരിസ്ഥിതി മന്ത്രാലയം ആവര്‍ത്തിച്ചു. 2013-14ലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ബദല്‍ റോഡായ മേപ്പാടി-കള്ളാടി-ആനക്കാംപൊയില്‍ റോഡും പ്രായോഗികമല്ലെന്നാണ് പൊതുമരാമത്ത് വകുപ്പിലെ അനുഭവജ്ഞാനമുള്ള ഉദ്യോഗസ്ഥരുടെ അഭിപ്രായം. ചുരം ബദല്‍ റോഡിനായി പൊതുമരാമത്ത് നേരത്തെ തയ്യാറാക്കിയ അഞ്ച് പാതകളില്‍ ഏറ്റവും പ്രയാസമുള്ളതും ചെലവേറിയതുമായ പാതയാണിത്. കീഴ്ക്കാംതൂക്കായ ഈ പാതയില്‍ അപകട സാധ്യത ഏറെയാണെന്നും കോഴിക്കോടുമായി ബന്ധപ്പെടാന്‍ കാര്യമായ ദൂരക്കുറവില്ലെന്നുമാണ് പൊതുമരാത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്.
മാത്രമല്ല. കസ്തൂരി രംഗന്‍ ശുപാര്‍ശയിലും അതീവ പരിസ്ഥിതി ലോല പ്രദേശമായ കോട്ടപ്പടി, വെള്ളാര്‍മല, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി വില്ലേജുകളിലൂടെ കടന്നുപോവുന്ന ഈ പാതയില്‍ വനഭൂമിയുടെ അളവും കുടുതലാണ്.
ഫലത്തില്‍ വയനാട് ചുരത്തിന് ബദല്‍ പാതയെന്ന നിര്‍ദേശം അടുത്ത കാലത്തൊന്നും സാധ്യമാവില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വയനാടിന് ഏറെ ഗുണം ചെയ്യുന്ന പാത മേപ്പാടി-ചൂരല്‍മല- നിലമ്പൂര്‍ റോഡാണെന്നായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്.
കല്‍പ്പറ്റയില്‍ നിന്ന് 41 കിലോമീറ്റര്‍ കൊണ്ട് നിലമ്പൂരിലെത്താം. മാത്രമല്ല, നിലമ്പൂര്‍ വരെ എത്തിനില്‍ക്കുന്ന റെയില്‍വേ സൗകര്യം ഈ ജില്ലക്ക് പ്രയോജനപ്പെടുത്താനും കഴിയും. നിര്‍ദ്ദിഷ്ട മലയോര ഹൈവേയുമായി വയനാടിനെ ബന്ധിപ്പിക്കുന്ന പാത കൂടിയാവും ഇതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയതാണ്. തെക്കന്‍ കേരളത്തില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കോഴിക്കോട് ജില്ല ടച്ച് ചെയ്യാതെ തന്നെ വയനാട്ടിലേക്കും കര്‍ണാടകയിലേക്കും കടക്കാനും കഴിയും. നിലവില്‍ താമരശേരി ചുരത്തിലൂടെ പോവുന്ന നിരവധി ഭാരവാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിടാന്‍ കഴിയുന്നതുമായിരുന്നു ഈ പാത. അഞ്ച് ബദല്‍ പാത നിര്‍ദേശങ്ങളില്‍ ഏറ്റവും ലാഭകരവും ദൈര്‍ഘ്യം കുറഞ്ഞതുമായ പാതയായിട്ടാണ് മേപ്പാടി-ചൂരല്‍മല-നിലമ്പൂര്‍ റോഡ് കണക്കാക്കുന്നത്.ഇത് പക്ഷെ പരിഗണിച്ചിട്ടുമില്ല.