നമ്മുടെ സകാത്ത് ആരും കട്ടുകൊണ്ടുപോകാതിരിക്കട്ടെ

  Posted on: July 27, 2014 12:37 am | Last updated: July 27, 2014 at 12:37 am

  ramasan nilavപലരും സകാത്ത് നല്‍കുന്നത് റമസാനിലാണ്. സമ്പത്തിന്റെ സകാത്ത് കൊല്ലം തികഞ്ഞാല്‍ കൊടുത്തുവീട്ടണം. റമസാനാകാന്‍ കാത്തുനില്‍ക്കരുത്. ശരീരത്തിന്റെ സകാത്താണ് ഫിത്്വര്‍. റമസാന്‍ അവസാന പകലിന്റെ സൂര്യന്‍ അസ്തമിക്കുന്നതോടു കൂടെയാണ് നിര്‍ബന്ധമാകുന്നത്. ശരീരത്തിന്റെ അഴുക്കുകളാണ് അത് വൃത്തിയാക്കുന്നത്. പരോക്ഷമായ സകാത്താണത്. നമ്മള്‍ തന്നെ നേരിട്ടു നല്‍കുന്നതാണ് അതിന്റെ ഭംഗി. പരോക്ഷ സകാത്ത് ആവശ്യപ്പെടാന്‍ ഭരണാധികാരിക്കു പോലും അധികാരമില്ല.
  ഭൂരിപക്ഷത്തിന്റെ അഭിപ്രായം ബാക്കിയുള്ളവര്‍ അംഗീകരിക്കേണ്ടത് നിര്‍ബന്ധമായതും പ്രസിഡന്റിന് കാസ്റ്റിംഗ് വോട്ട് അനുവദിക്കപ്പെട്ടിട്ടുമുള്ള സംവിധാനമാണ് കമ്മിറ്റി. ഇത്തരമൊരു കൂട്ടായ്മക്ക് തന്റെ നിര്‍ബന്ധ ദാനം ഏല്‍പ്പിച്ചുകൊടുക്കുക എന്നത് പ്രമാണങ്ങളില്‍ തെളിവില്ലാത്ത പുത്തനാചാരമാണ്. സകാത് കമ്മിറ്റികള്‍ക്ക് നല്‍കണമെന്ന് ഖുര്‍ആനില്‍ എവിടെയും പറഞ്ഞിട്ടില്ല. ഹദീസിലും അങ്ങനെയൊരു പരാമര്‍ശമില്ല. പൂര്‍വ സൂരികളായ പണ്ഡിതരുടെ ഗ്രന്ഥങ്ങളില്‍ അത്തരമൊരു പരാമര്‍ശമേ നാം കാണുന്നില്ല.
  മതകാര്യങ്ങളെ പ്രമാണങ്ങളിലൂടെ മനസ്സിലാക്കണമെന്ന് ശഠിക്കുന്ന മത നവീകരണ പ്രസ്ഥാനങ്ങള്‍ ഈ അടുത്ത കാലത്തായി കൊണ്ടുവന്ന സകാത് കമ്മിറ്റി സംവിധാനത്തിന് പ്രമാണങ്ങളുടെ പിന്‍ബലമില്ല. നമ്മുടെ ഈ ദീന്‍ കാര്യത്തില്‍ അതിലില്ലാത്ത വല്ല കാര്യവും ആരെങ്കിലും പുതുതായി ഉണ്ടാക്കിയാല്‍ അത് തള്ളപ്പെടേണ്ടതാണെന്ന് തിരുനബി (സ) പറഞ്ഞിട്ടുണ്ട്.
  അല്ലാഹുവിന്റെയും സൃഷ്ടികളുടെയും ഇടയില്‍ മധ്യവര്‍ത്തികളുടെ ആവശ്യമില്ലെന്ന് അഥവാ, അത് അനാവശ്യമാണെന്ന്, അപരാധമാണെന്ന് പ്രസംഗിക്കുന്നവര്‍ സകാത് എന്ന ആരാധന നിര്‍വഹിക്കാന്‍ സ്വയം മധ്യവര്‍ത്തികളായി വേഷം കെട്ടുന്നതില്‍ ദുരൂഹതകളുണ്ട്. തന്റെ പത്ര സ്ഥാപനത്തിന് സകാത് വാങ്ങാന്‍ അര്‍ഹതയുണ്ടെന്ന് പത്ര നടത്തിപ്പുകാരനായ ഒരാള്‍ മുമ്പ് എഴുതിയത് ഇതിനോട് ചേര്‍ത്തുവായിക്കണം.
  സകാത്ത് നല്‍കാന്‍ ഇസ്‌ലാം മൂന്ന് മാര്‍ഗങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. ഒന്നുകില്‍ സ്വന്തമായി നല്‍കുക. അല്ലെങ്കില്‍ ഒരു വക്കീലിനെ ഏല്‍പ്പിക്കുക. അല്ലെങ്കില്‍ ഭരണാധികാരിയെ ഏല്‍പ്പിക്കുക. ഈ മൂന്നിന്റെ പരിധിയിലും കമ്മിറ്റി വരികയില്ല. ഇസ്‌ലാമിക ഭരണകൂടമിള്ളേടത്തു മാത്രമേ ഭരണാധികാരി എന്ന വകുപ്പ് പ്രസക്തമാകുകയുള്ളൂ. കമ്മിറ്റി നിശ്ചിത വ്യക്തി അല്ലാത്തതു കൊണ്ട് വക്കീലായി ഗണിക്കാന്‍ പറ്റില്ല. ഫിത്വ്ര്‍ സകാത്ത് ശരീരത്തിന്റെ സകാത്താണ്. ഉള്ളത് ഒഴിവാക്കിയും ഇല്ലാത്തത് കടത്തിക്കൂട്ടിയും സമുദായത്തിന്റെ നിസ്‌കാരവും നോമ്പും ഹജ്ജും വികലമാക്കിയവര്‍ നമ്മുടെ സകാത്ത് കട്ടുകൊണ്ടുപോകാതിരിക്കട്ടെ.