കടപ്ലാവില്‍ വിരിഞ്ഞത് വരിക്കച്ചക്ക

Posted on: July 26, 2014 10:25 am | Last updated: July 26, 2014 at 10:25 am

DSC04463ഇരിങ്ങാലക്കുട: കടപ്ലാവില്‍ വിരിഞ്ഞതെല്ലാം വരിക്കച്ചക്ക. ചക്ക മുറിച്ചപ്പോള്‍ അതിനുള്ളില്‍ ചുളയും കുരുവും കണ്ടതോടെ വീട്ടുകാര്‍ അന്ധാളിച്ചു പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡണ്ടായിരുന്ന കളപ്പുരക്കല്‍ രാമകൃഷ്ണന്റെ പുരയിടത്തിലെ കടപ്ലാവിലാണ് സാധാരണ ചക്കയുണ്ടായത്.
മൂന്നുവര്‍ഷം മുന്‍പ് മൂന്നുപീടികയിലെ ചെടി വില്‍പ്പനക്കാരനില്‍ നിന്ന് വാങ്ങിയ കടപ്ലാവ് ഈ വര്‍ഷമാണ് ആദ്യമായി കായ്ച്ചത്. കറിക്കായി ഒരെണ്ണം പറിച്ചെടുത്ത് മുറിച്ചപ്പോഴാണ് സാധാരണ ചക്കപോലെ കുരുവും ചുളയും കണ്ടത്. വലിപ്പത്തില്‍ കടച്ചക്കക്ക് സമാനമാണെങ്കിലും സാധാരണ ചക്കയുടേതുപോലെ കരുത്തുള്ള മുള്ളുകളാണ് ഈ ചക്കക്ക്.
സ്ഥിരീകരണത്തിനായി കൃഷിവകുപ്പിലെ ഉന്നതരെ ബന്ധപ്പെട്ടെങ്കിലും എല്ലാവരും ഇക്കാര്യത്തില്‍ അത്ഭുതപ്പെടുകയാണുണ്ടായത്. ശാസ്ത്രീയമായി ഇത്തരത്തിലൊരു മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പറയുന്ന വിദഗ്ധര്‍ പ്രകൃതിയുടെ വികൃതിയെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
കടപ്ലാവില്‍ വരിക്കച്ചക്ക വിരിഞ്ഞ വാര്‍ത്ത പരന്നതോടെ പുതിയ പ്രതിഭാസം കാണാനായി നിരവധി ആളുകളെത്തുന്നുണ്ട്.
ചുളയും കുരുവും നിറഞ്ഞ മുറിച്ച ചക്ക സൂക്ഷിച്ചുവച്ചിരിക്കുകയാണ് വീട്ടുകാര്‍.