യുവാക്കളിലെ ലഹരി ഉപയോഗം കുറക്കാന്‍ ജാഗ്രതാ സമിതികള്‍

Posted on: July 26, 2014 10:05 am | Last updated: July 26, 2014 at 10:05 am

കോഴിക്കോട്: യുവാക്കള്‍ക്കിടയിലെ മദ്യ മയക്കുമരുന്ന് ഉപയോഗം കുറക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ക്കും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രൂപം നല്‍കുമെന്ന് സംസ്ഥാന യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ വി രാജേഷ്. ആഗസ്റ്റ് ഒമ്പതു മുതല്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും. ജില്ലാ കലക്ടര്‍ ചെയര്‍മാനും യുവജന കമ്മീഷന്റെയും യുവജന ക്ഷേമ ബോര്‍ഡിന്റെയും അംഗങ്ങള്‍ കണ്‍വീനര്‍മാരുമായി സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ സമിതികള്‍ക്കും രൂപം നല്‍കും.
വിദ്യാര്‍ഥി സംഘടനകളുടെ കൂടി സഹകരണത്തോടെ കോളജുകളിലെ ലഹരി ഉപയോഗത്തിന് അവസാനമുണ്ടാക്കണം. ഇതിനായി വിദ്യാര്‍ഥി സംഘടനാ ഭാരവാഹികളുടെയും കോളജ് അധികൃതരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം വിളിക്കും. കോളജുകളിലും പഞ്ചായത്തുകളിലും ജാഗ്രതാ സമിതികളുണ്ടാക്കാന്‍ ശിപാര്‍ശ ചെയ്യും. മയക്കുമരുന്നു മാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ചുള്ള റെയ്ഡ് സംസ്ഥാന വ്യാപകമായി നടത്തണമെന്നും നിര്‍ദേശിച്ചു.
ലഹരിവിരുദ്ധ പ്രചാരണത്തിനായി ജില്ലാ കേന്ദ്രങ്ങളില്‍ യൂത്ത് കമ്മീഷന്‍ യൂത്ത് വെല്‍ഫയര്‍ ബോര്‍ഡുമായി ചേര്‍ന്ന് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. ഇവിടെ ഫോണിലൂടെയും പരാതികള്‍ അറിയിക്കാന്‍ സൗകര്യമുണ്ടാകും. മദ്യം വാങ്ങുന്നതിനുളള പ്രായപരിധി 21 വയസ്സ് എന്നത് കര്‍ശനമായി പാലിക്കണം. ഇതു സംബന്ധിച്ച ബോര്‍ഡുകള്‍ എല്ലാ മദ്യശാലകള്‍ക്കും മുന്നില്‍ പ്രദര്‍ശിപ്പിക്കണം. നിലവില്‍ മദ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള സംവിധാനം അപര്യാപ്തമാണ്. ഇതുമൂലം അബ്കാരി കുറ്റകൃത്യങ്ങളിലടക്കം പരിശോധനാഫലം വൈകി മാത്രമേ ലഭിക്കുന്നുള്ളു. ഇത് മറികടക്കാന്‍ എല്ലാ ജില്ലകളിലും മൊബൈല്‍ ലാബുകള്‍ ആരംഭിക്കണമെന്നും ആര്‍ വി രാജേഷ് പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അവലോകന യോഗത്തില്‍ കമ്മീഷന്‍ അംഗം ശിവരാമന്‍, എ ഡി എം കെ രാധാകൃഷ്ണന്‍, യുവജനക്ഷേമ ബോര്‍ഡ് അംഗം എ ഷിയാലി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം എസ് ശങ്കര്‍, വിദ്യാര്‍ഥി യുവജന സംഘടനാ ഭാരവാഹികള്‍ പങ്കെടുത്തു.