Connect with us

Kozhikode

ചോര്‍ന്നൊലിക്കുന്നു; താമരശ്ശേരി ഡിപ്പോ പ്രവര്‍ത്തനം അവതാളത്തില്‍

Published

|

Last Updated

താമരശ്ശേരി: മഴക്കാലമായതോടെ കെ എസ് ആര്‍ ടി സി താമരശ്ശേരി ഡിപ്പോയിലെ ഗാരേജിന്റെ പ്രവര്‍ത്തനം അവതാളത്തില്‍. ഓയിലും ഡീസലും പരന്നുകിടക്കുന്ന ഗ്യാരേജില്‍ മേല്‍ക്കൂര ചോര്‍ന്ന് മഴവെള്ളം കൂടി കെട്ടിക്കിടക്കുന്നതിനാല്‍ ജോലി ചെയ്യാനാകാതെ ജീവനക്കാര്‍ പ്രയാസപ്പെടുകയാണ്.
ഗ്യാരേജിലെ വെള്ളക്കെട്ടില്‍ കാല്‍വഴുതി വീണ് കഴിഞ്ഞദിവസം ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. ഇലക്ട്രീഷ്യനായ ബാലുശ്ശേരി വട്ടോളി രഘുനാഥിനാണ് പരുക്കേറ്റത്. ഇയാള്‍ക്ക് ഒരുമസാത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. വെല്‍ഡിംഗ് വിഭാഗത്തിലെ ഉപകരണങ്ങളും വെല്‍ഡിംഗ് മെഷീനിന്റെ എര്‍ത്ത് കമ്പിയും വെള്ളത്തിലാണ്. വെല്‍ഡിംഗിനായി മെഷീന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ഷോക്കേല്‍ക്കുമെന്നതിനാല്‍ ജീവനക്കാരുടെ ജീവന്‍പോലും അപകടത്തിലാണ്. ബസിന്റെ അടിയില്‍ കിടന്ന് ജോലി ചെയ്യേണ്ട മെക്കാനിക്കുമാരുടെ കാര്യവും വിഭിന്നമല്ല. പലപ്പോഴും ജോലിചെയ്യുന്നതിനിടെ വെള്ളം ഒലിച്ചെത്തി മലിനജലത്തില്‍ മുങ്ങുമ്പോഴാണ് മെക്കാനിക്കുമാര്‍ വിവരം അറിയുക. പെയിന്റിംഗ് നടത്തുന്ന ബസിനുമുകളിലേക്ക് വെള്ളം ചാടുന്നത് പ്രയാസങ്ങള്‍ക്ക് പുറമെ നഷ്ടവും വരുത്തിത്തീര്‍ക്കുന്നതാണ്. ഒരു ദിവസംകൊണ്ട് തീര്‍ക്കേണ്ട ജോലി മൂന്ന് ദിവസമായിട്ടും തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന്് തൊഴിലാളികള്‍ പറയുന്നു. വെള്ളക്കെട്ടും മാലിന്യങ്ങളും കാരണം രാത്രിയില്‍ കൊതുകു ശല്യം രൂക്ഷമായതിനാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും നേരിടുകയാണ്. ഗ്യാരേജിലെ വൃത്തിഹീനമായ ചുറ്റുപാടില്‍ ജോലിചെയ്ത അമ്പതിലേറെ തൊഴിലാളികള്‍ക്ക് കഴിഞ്ഞവര്‍ഷം മഞ്ഞപ്പിത്തം പിടിപെട്ടിരുന്നു. ആരോഗ്യവകുപ്പ് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോ ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണ്.

Latest