ചര്‍ച്ചക്കെത്തിയ കലക്ടറെയും ഉദ്യോഗസ്ഥരെയും തടഞ്ഞു

Posted on: July 26, 2014 8:39 am | Last updated: July 26, 2014 at 8:39 am

കല്‍പ്പറ്റ: നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലെ തോട്ടാമൂലയില്‍ കഴിഞ്ഞദിവസം കാട്ടാനയുടെ ചവിട്ടേറ്റ് കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ ചര്‍ച്ചക്കെത്തിയ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാറിനെയും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയി പി തോമസ് അടക്കമുള്ള ഉദ്യോഗസ്ഥരെയും നാട്ടുകാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും തടഞ്ഞുവെച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ബത്തേരി താലൂക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളിലായിരുന്നു സംഭവം. വ്യാഴാഴ്ച രാത്രിയാണ് തോട്ടാമൂല ആനമൂലയില്‍ കൃഷിയിടത്തില്‍ കെട്ടിയ പശുവിനെ അഴിക്കാനെത്തിയ കര്‍ഷകന്‍ വിനോദ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം ഇന്നലെ രാവിലെ ബത്തേരി പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയെങ്കിലും ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്താതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നു നാട്ടുകാര്‍ ശഠിച്ചു. തുടര്‍ന്നാണ് ജില്ലാ കലക്ടറും ഡി.എഫ്.ഒയും തഹസില്‍ദാറും മാനന്തവാടി ഡിവൈ.എസ്.പിയും സ്ഥലത്തെത്തിയത്. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍, മരിച്ച കര്‍ഷകന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും പ്രദേശത്തെ കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണവും നല്‍കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഉറപ്പ് ലഭിക്കാതെ ഉദ്യോഗസ്ഥരെ പുറത്തുവിടില്ലെന്ന് നാട്ടുകാര്‍ പ്രഖ്യാപിച്ചു. തീരുമാനമാവാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോവാന്‍ അനുവദിക്കില്ലെന്നും അറിയിച്ചു.
ഇതിനിടയില്‍ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കലക്ടര്‍, മുഖ്യമന്ത്രി, വനംമന്ത്രി എന്നിവരുമായി ഫോണില്‍ സംസാരിക്കുകയും പ്രശ്‌നപരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. മരിച്ച കര്‍ഷകന്റെ കുടുംബത്തിന് ഉടന്‍ മൂന്ന് ലക്ഷം രൂപ നല്‍കുക, ഏഴുലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യുക, കുടുംബത്തിലെ ഒരാള്‍ക്ക് വനംവകുപ്പില്‍ താല്‍ക്കാലിക ജോലി നല്‍കുക, പ്രദേശത്തെ രാത്രികാല പട്രോളിങിന് 10 വാച്ചര്‍മാരെ നിയമിക്കുക, വനാതിര്‍ത്തിയില്‍ ഫെന്‍സിങ് പൂര്‍ത്തീകരിക്കുക, മരിച്ച വിനോദിന്റെ കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ച സാഹചര്യത്തിലാണ് ജില്ലാ കലക്ടര്‍ അടക്കമുള്ളവരെ നാട്ടുകാര്‍ വിട്ടയച്ചത്. ഈ സമയമത്രയും ദേശീയപാതയില്‍ കല്ലൂരില്‍ നാട്ടുകാര്‍ ദേശീയപാതയും ഉപരോധിച്ചു.
ചര്‍ച്ചയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ എസ് വിജയ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി ശശി, പി എം ജോയി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ വിനയന്‍, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ ആവേത്താന്‍, വിവിധ രാഷ്ട്രീയ നേതാക്കളായ കെ ശശാങ്കന്‍, സി ഭാസ്‌കരന്‍, സി കെ സഹദേവന്‍, വി വി ബേബി, പി ആര്‍ ജയപ്രകാശ്, കെ ജെ ദേവസ്യ, പി പ്രഭാകരന്‍ നായര്‍, ബേബി വര്‍ഗീസ് പങ്കെടുത്തു.