തിരിച്ചടികളുടെ ജെ സി ബി കൈയില്‍ മൂന്നാര്‍ ഒഴിപ്പിക്കല്‍

Posted on: July 26, 2014 8:04 am | Last updated: July 26, 2014 at 8:04 am

ഇടുക്കി: സി പി എമ്മിലെ പിണറായി പക്ഷത്തോടും കൈയേറ്റ മാഫിയയോടും ഒരേ സമയം ഏറ്റുമുട്ടി മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍ അന്ന് തുടങ്ങിവെച്ച മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കലിന് വീണ്ടും തിരിച്ചടി.

തിരിച്ചടികളോടെ തുടങ്ങിയ കൈയേറ്ററ്റം ഒഴിപ്പിക്കല്‍ ഇക്കാലത്തിനുള്ളില്‍ ഏറെ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങിയത്. കൈയേറ്റം ഒഴിപ്പിക്കലിനെ ചൊല്ലിയുണ്ടായ വാക്‌പോരിനെ തുടര്‍ന്ന് വി എസും പിണറായിയും സി പി എം പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെടുക പോലുമുണ്ടായി.
2007 മെയ് 13നാണ് കെ സുരേഷ്‌കുമാര്‍, ഐ ജി ഋഷിരാജ് സിംഗ്, ജില്ലാ കലക്ടര്‍ രാജു നാരായണസ്വാമി എന്നിവരുടെ നേതൃത്വത്തില്‍ മൂന്നാറില്‍ ജെ സി ബി ഉരുണ്ടുതുടങ്ങിയത്. ജൂണ്‍ ഏഴ് വരെയുളള 25 നാളുകള്‍ക്കിടെ 91 കെട്ടിടങ്ങള്‍ നിലംപതിച്ചു. 11,350 ഏക്കര്‍ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുകയും ചെയ്തു.
ഇന്നലത്തെ ഹൈക്കോടതി വിധിക്ക് ആധാരമായ ചിന്നക്കനാല്‍ ഗ്യാപ്പ് റോഡിലെ ക്ലൗഡ് നയന്‍ റിസോര്‍ട്ട് 2007 ജൂണ്‍ രണ്ടിനാണ് പൊളിച്ചുനീക്കിയത്. ഏലക്കൃഷിക്ക് അനുവദിച്ച സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരിലാണ് ഒരു യു ഡി എഫ് മന്ത്രിയുടെ ബന്ധുവിന്റെ ഉടമസ്ഥതയിലുളള ക്ലൗഡ് നയന്റെ പട്ടയം ജില്ലാ കലക്ടര്‍ റദ്ദാക്കിയത്. റവന്യു പുറമ്പോക്ക് ഉള്‍പ്പെടെ 2.87 ഏക്കര്‍ സ്ഥലത്ത് പത്ത് കോടിയോളം രൂപ മുടക്കിയാണ് റിസോര്‍ട്ട് നിര്‍മിച്ചത്. പത്ത് ഇരുനില കോട്ടേജുകളും ഒരു അത്യാധുനിക റസ്റ്റോറന്റുമാണ് ക്ലൗഡ് നയനിലുണ്ടായിരുന്നത്. കോതമംഗലം ഇടക്കാട്ടുകുടി പ്രവീണ്‍ സേവ്യര്‍, എം എല്‍ ജോസഫ്, കാലടി സ്വദേശി ബിജു ഹോര്‍മീസ്, പാലാ സ്വദേശി പ്രീതി സക്കറിയാ എന്നിവരായിരുന്നു ഉടമകള്‍.
ദേശീയ പാതയോരം കൈയേറിയ സി പി ഐ ഓഫീസിന്റെ മുന്‍ഭാഗം 2007 മെയ് 14ന് പൊളിച്ചതോടെയായിരുന്നു മൂന്നാര്‍ ദൗത്യത്തിന് മേല്‍ കരിനിഴല്‍ വീണത്. ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന എം ഐ രവീന്ദ്രന്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചു നല്‍കിയ രവീന്ദ്രന്‍ പട്ടയങ്ങളുടെ കഥ മെയ് 28ന് വെളിച്ചത്താകുക കൂടി ചെയ്തതോടെ മൂന്നാര്‍ ദൗത്യം കൂടുതല്‍ സങ്കീര്‍ണമായി. ഇതിനിടെ പല ഫയലുകളും സ്റ്റേയില്‍ കുടുങ്ങി.
2007 ജൂലൈ മൂന്നിന് അച്യുതാനന്ദന്‍ നേരിട്ടെത്തി ടാറ്റ കൈയേറിയതെന്ന് പറഞ്ഞ് 1380 ഏക്കര്‍ ഭൂമി പിടിച്ചെടുത്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. എന്നാല്‍ ഈ ഭൂമി വനം വകുപ്പിന്റെതാണെന്ന് ടാറ്റാ പറഞ്ഞതോടെ ഇതും വിവാദത്തിലായി. സെപ്റ്റംബര്‍ 27ന് കലക്ടര്‍ രാജുനാരായണ സ്വാമിയെ മാറ്റി. ഇതിനിടെ സുരേഷകുമാറും ഋഷിരാജ് സിംഗും മലയിറങ്ങിയിരുന്നു. പിന്നീട് അഡീഷനല്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ വി എം ഗോപാല മേനോനെയും തുടര്‍ന്ന് കെ എന്‍ രാമാനന്ദനെയും മൂന്നാറിലേക്ക് നിയോഗിച്ചു. ഇതിനിടെ ഭൂമി പിടിച്ചെടുത്തുകൊണ്ട് സ്ഥാപിച്ച സര്‍ക്കാര്‍ ബോര്‍ഡുകളില്‍ പലതും കാണാതായി.
ഒഴിപ്പിക്കാന്‍ വരുന്നവന്റെ കാലുവെട്ടു മെന്ന സി പി എം ജില്ലാ സെക്രട്ടറി എം എം മണിയുടെ ഭീഷണി നിലനില്‍ക്കെ 2008 സെപ്റ്റംബര്‍ 30ന് വി എസ് അച്യുതാനന്ദന്‍ വീണ്ടും മൂന്നാറിലേക്ക് മലകയറിയെത്തി തുടര്‍ ദൗത്യത്തിന് തുടക്കമിട്ടു. എന്നാല്‍ ദൗത്യത്തിന്റെ വിധിയില്‍ മാറ്റമുണ്ടായില്ല. നോട്ടീസ് നല്‍കിയതല്ലാതെ ടാറ്റാ അടക്കമുള്ള വന്‍കിട കൈയേറ്റക്കാരില്‍ നിന്ന് ഒരിഞ്ച് പോലും ഭൂമി വീണ്ടെടുക്കാനോ ഒരിടത്ത് പോലും സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കാനോ കഴിഞ്ഞില്ല.
നിരവധി നഷ്ടപരിഹാര കേസുകളാണ് മൂന്നാര്‍ നടപടിയുടെ പേരില്‍ വിവിധ കോടതികളിലുളളത്. 2008 സെപ്റ്റംബര്‍ നാലിന് ഉണ്ടായ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നവംബര്‍ 11ന് ധന്യശ്രീ റിസോര്‍ട്ട് ഉടമകള്‍ക്ക് കൈമാറി. സ്റ്റേ നിലനില്‍ക്കെ ധന്യശ്രീ പൊളിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ സുരേഷ്‌കുമാറിന് ഹൈക്കോടതി നഷ്ടപരിഹാരം വിധിച്ചു.
പള്ളിവാസല്‍ മൂന്നാര്‍ വുഡ്‌സ് റിസോര്‍ ട്ടിന്റെ സര്‍ക്കാര്‍ ഏറ്റെടുത്ത 2.84 ഏക്കര്‍ ഭൂമി ഉടമകള്‍ക്ക് വിട്ടുകൊടുക്കണമെന്ന് 2009 ജൂലൈ 22ന് വിധിച്ച ഹൈക്കോടതി അന്ന് ജില്ലാ കലക്ടറായിരുന്ന രാജു നാരായണസ്വാമി 15,000 രൂപ കോടതിച്ചെലവ് നല്‍കാനും വിധിച്ചു. ഒരിക്കല്‍ പാര്‍ട്ടിയിലെ ശക്തിദുര്‍ഗമായിരുന്ന ഇടുക്കി ഘടകം വി എസിന് നഷ്ടമാക്കിയതും മൂന്നാര്‍ ദൗത്യമായിരുന്നു. മൂന്നാറിലെ ഭൂമി കൈയേറ്റം ഇപ്പോഴും നിര്‍ബാധം തുടരുകയും ചെയ്യുന്നു.