പ്രവാചക തിരുശേഷിപ്പുകള്‍ ദര്‍ശിക്കാന്‍ ആയിരങ്ങളെത്തി

Posted on: July 26, 2014 12:49 am | Last updated: July 26, 2014 at 12:49 am

അബുദബി: സ്വദേശിയും പൗര പ്രമുഖനുമായ ഡോ. അഹ്മദ് ഖസ്‌റജിയുടെ കുടുംബ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുശേഷിപ്പുകള്‍ കാണാന്‍ ആയിരങ്ങള്‍. മുഹമ്മദ് നബി (സ്വ) യുടെ തിരുശേഷിപ്പുകളായ കേശം, പാനപാത്രം എന്നിവ ദര്‍ശിക്കുവാനാണ് ആയിരക്കണക്കിന് വിശ്വാസികള്‍ പൗരപ്രമുഖനായ അഹമദ് ഖസ്‌റജിയുടെ അബുദബിയിലെ വീട്ടില്‍ തടിച്ചു കൂടിയത്.
പ്രവാചകരുടെ അനുചരന്മാരായ അന്‍സാറുകളുടെ പിന്മുറക്കാരാണ് ഖസ്‌റജി കുടുംബം. മുന്‍ യു എ ഇ മതകാര്യ വകുപ്പ് മന്ത്രി മുഹമ്മദ് ഖസ്‌റജിയുടെ മകനാണ് അഹമദ് ഖസ്‌റജി.
തിരുശേഷിപ്പുകള്‍ കാണാനുള്ള അവസരത്തിനു പുറമെ സന്ദര്‍ശകര്‍ക്ക് തിരുകേശം മുക്കിയ വെള്ളം വിതരണവുമുണ്ടായിരുന്നു. സ്വദേശികള്‍ക്ക് പുറമെ ആഫ്രിക്ക, പാകിസ്ഥാന്‍, ബലൂചിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കുടുംബ സമേതമാണ് തിരുശേഷിപ്പുകള്‍ ദര്‍ശിക്കാന്‍ എത്തിയത്. പ്രവാചകര്‍ ഉപയോഗിച്ച മോതിരം അപൂര്‍വ വസ്തുവായി ദുബൈയിലും പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ മംസറില്‍ പ്രവര്‍ത്തനമാരംഭിച്ച പുതിയ ആസ്ഥാനമന്ദിരത്തിലെ ‘അസ്സലാമു അലൈക അയ്യുഹന്നബിയ്യു’ എന്ന മ്യൂസിയത്തിലാണ് പ്രവാചകരുടെ മോതിരം പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.