ലുലു ഗ്രൂപ്പിന്റെ പുതിയ മാള്‍ ഫുജൈറയില്‍ ഉദ്ഘാടനം ചെയ്തു

Posted on: July 25, 2014 8:28 pm | Last updated: July 25, 2014 at 8:28 pm
lulu1
ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് കേന്ദ്രമായ ലുലു മാള്‍ ഫുജൈറയില്‍ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി, സി എ ഒ സൈഫി രൂപാവാല, എക്‌സിക്യൂട്ടീ വ് ഡയറക്ടര്‍ അഷ്‌റഫ് അലി, ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലീം എന്നിവര്‍ സമീപം

ഫുജൈറ: ലുലു ഗ്രൂപ്പിന്റെ പുതിയ ഷോപ്പിംഗ് സെന്റര്‍ ‘ലുലു മാള്‍’ ഫുജൈറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അല്‍ ശര്‍ഖിയാണ് ഉദ്ഘാടനം ചെയ്തത്. രാജകുടുംബാംഗങ്ങള്‍, ഉന്നത ഗവണമെന്റ് ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ എന്നിവരടക്കം വലിയ ജനാവലി ഉദ്ഘാടനത്തിന് സാക്ഷികളായി. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എ യൂസുഫലി, സി ഇ സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ അഷറഫ് അലി, എം എ സലീം എന്നിവര്‍ സന്നിഹിതരായിരുന്നു. ഫുജൈറ ഭരണാധികാരിയും യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി ഫുജൈറയുടെ ഹൃദയഭാഗത്ത് നല്‍കിയ 21 ഏക്കര്‍ സ്ഥലത്താണ് ലുലുവിന്റെ പുതിയ മാള്‍ പണിതത്.
രണ്ട് നിലകളിലായി 5.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള ഷോപ്പിംഗ് സമുച്ചയത്തില്‍ നൂറിലധികം അന്താരാഷ്ട്ര ബ്രാന്‍ഡുകളാണ് പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. മണി എക്‌സ്‌ചേഞ്ചുകള്‍, കോഫി ഷോപ്പുകള്‍, ഡൈന്‍ ഇന്‍ ഔട്ട് ലെറ്റുകള്‍, 25,000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലുള്ള വിനോദ മേഖല, 5,000 ചതുരശ്രയടി വരുന്ന നഗരത്തിലെ ആദ്യത്തെ ഐസ് റിങ്ക് എന്നിവയും പുതിയ മാളീന്റെ പ്രത്യേകതകളാണ്. 370 മില്യണ്‍ ദിര്‍ഹം (610 കോടി രൂപ) നിക്ഷേപത്തില്‍ പണിത ലുലു മാള്‍, ഫുജൈറയിലെ താമസക്കാരുടെയും സഞ്ചാരികളുടെയും പ്രിയകേന്ദ്രമായിത്തീരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യു എ ഇയുടെ എല്ലാ ഭാഗത്തും തങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്താവാനുള്ള പദ്ധതിയുടെ ഭാഗമായാണ് ലുലു മാള്‍ ഫുജൈറയിലും ആരംഭിച്ചതെന്ന് ഉദ്ഘാടനത്തിനുശേഷം ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം എയൂസുഫലി പറഞ്ഞു. മാള്‍ പണിയാന്‍ എല്ലാ സഹായ സൗകര്യങ്ങളും ചെയ്ത ഫുജൈറ ഭരണാധികാരിക്കും രാജകുടുംബാഗങ്ങള്‍ക്കുമുള്ള നന്ദി യൂസുഫലി അറിയിക്കുകയും ചെയ്തു.
ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ മലേഷ്യയിലും ഇന്തോനേഷ്യയിലും അടുത്ത വര്‍ഷാവസാനം ആരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ 23 പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകളാണ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുന്നത്. ഇതിലൂടെ കൂടുതല്‍ മലയാളികള്‍ക്ക് ജോലി നല്‍കുവാന്‍ സാധിക്കും. 31,140 ജീവനക്കാരുള്ള ഗ്രൂപ്പില്‍ 23,000 ലധികം പേരും മലയാളികളാണ്. ഗ്രൂപ്പിന്റെ പുതിയ റീജണല്‍ ഓഫീസുകള്‍ ബ്രസീലിലും തുര്‍ക്കിയിലും അടുത്തു തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും യൂസുഫലി പറഞ്ഞു.