മാറാട്: പ്രതികള്‍ക്ക് വിചാരണാ കോടതിയുടെ കര്‍ശന നിയന്ത്രണം

Posted on: July 24, 2014 1:17 am | Last updated: July 24, 2014 at 1:17 am

കോഴിക്കോട്: രണ്ടാം മാറാട് കലാപ കേസില്‍ സുപ്രീം കോടതി ജാമ്യം നല്‍കിയ 22 പ്രതികള്‍ക്കും എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക കോടതിയുടെ കര്‍ശന നിയന്ത്രണം. 22 പ്രതികളും സംഭവമുണ്ടായ മാറാടും സിറ്റി പോലീസ് കമ്മീഷണറുടെ പരിധിയിലും പ്രവേശിക്കാന്‍ പാടില്ലെന്ന് മാറാട് പ്രത്യേക അഡീഷനല്‍ സെഷന്‍സ് ജഡ്ജി എസ് കൃഷ്ണകുമാര്‍ ഉത്തരവിട്ടു. പ്രതികള്‍ ഒരുലക്ഷം രൂപക്കുളള രണ്ട് ആള്‍ ജാമ്യം നല്‍കണം. താമസിക്കുന്ന സ്ഥലത്തെ പോലീസ് സ്‌റ്റേഷനില്‍ എത്തി എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഒപ്പിടണം. 22 പ്രതികളെയും ക്രൈം ബ്രാഞ്ച് പ്രത്യേകം നിരീക്ഷിക്കണം. പ്രതികള്‍ ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെടാന്‍ പാടില്ല തുടങ്ങിയ കര്‍ശന ഉപാധികളാണ് ജഡ്ജി വെച്ചത്. പബ്ലിക്് പ്രോസിക്യൂട്ടര്‍ പി ഡി രവി, പ്രതികള്‍ക്കായി അഡ്വ. വി പി റഹ്മാന്‍ എന്നിവര്‍ ഹാജരായി.
പത്ത് വര്‍ഷത്തിലേറെ ജയിലില്‍ കഴിഞ്ഞ 22 പേര്‍ക്കാണ് ജൂലൈ 15ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിന് കടുത്ത ഉപാധികള്‍ വെക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം തള്ളിയ സുപ്രീം കോടതി ഉപാധികളുടെ കാര്യം വിചാരണാകോടതി തീരുമാനിക്കുമെന്ന് ജൂലൈ 14ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാറാട് കോടതി ഉപാധികള്‍ പുറപ്പെടുവിച്ചത്.
മാറാട് രണ്ടാം കലാപകേസില്‍ വിചാരണാകോടതി തുടക്കത്തിലേ ജീവപര്യന്തം തടവിന് ശിക്ഷിച്ച 22 പേര്‍ക്കാണ് സുപ്രീം കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മാറാട് സംഘര്‍ഷ സാധ്യതയുണ്ടെന്നും പ്രതികള്‍ ജാമ്യത്തിലിറങ്ങുന്നത് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ബോധിപ്പിച്ചിരുന്നു. വിചാരണാകോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിടുകയും എന്നാല്‍ ഹൈക്കോടതി പ്രതിപ്പട്ടികയില്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്ത 24 പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതുപോലെ ഇവരെ പരിഗണിക്കരുതെന്നും വിചാരണാ കോടതിയും ഹൈക്കോടതിയും ശിക്ഷിച്ചവരാണ് ഈ പ്രതികളെന്നും കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാല്‍ പത്ത് വര്‍ഷത്തിലേറെ ജാമ്യം കിട്ടാതെ ജയിലില്‍ കഴിഞ്ഞവരുടെ കാര്യത്തില്‍ ഇതൊന്നും ന്യായമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു.