പ്രദീപ് ബംഗളുരുവില്‍, സന്ദീപ് നന്ദി കേരള ടീമില്‍

Posted on: July 24, 2014 1:01 am | Last updated: July 24, 2014 at 1:01 am

_PRADEEP_624322e

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലേക്കുള്ള ഇന്ത്യന്‍ താരങ്ങളുടെ ലേലം പൂര്‍ത്തിയായി. ഇന്നലെ നടന്ന രണ്ടാം ഘട്ടത്തില്‍ പരിചയ സമ്പന്നനായ ഗോള്‍ കീപ്പര്‍ സന്ദീപ് നന്ദി, മിഡ്ഫീല്‍ഡര്‍മാരായ ക്ലൈമാക്‌സ് ലോറന്‍സ്, സ്റ്റീവന്‍ ഡയസ്, എന്‍ പി പ്രദീപ് എന്നിവര്‍ ലേലത്തില്‍ പോയി.
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉടമസ്ഥതയിലുള്ള കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോള്‍ കീപ്പറായി സന്ദീപ് നന്ദിയെ ടീമിലെത്തിച്ചപ്പോള്‍ മലയാളി താരം എന്‍ പി പ്രദീപിനെ ബംഗളുരു ഫ്രാഞ്ചൈസിയാണ് സ്വന്തമാക്കിയത്.
ഗോവന്‍ താരം ക്ലൈമാക്‌സ് ലോറന്‍സിനെ സൗരവ് ഗാംഗുലി നേതൃത്വം നല്‍കുന്ന അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും സ്റ്റീവന്‍ ഡയസിനെ ഡല്‍ഹി ഡയനാമോസും സ്വന്തമാക്കി. ലേലം അന്തിമഘട്ടത്തോടടുക്കവെ സഞ്ജു പ്രദാന്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയിലും മെഹ്‌റാജുദീന്‍ വദു പൂനെ ഫ്രാഞ്ചൈസിയിലുമെത്തി.
84 ഇന്ത്യന്‍ താരങ്ങളെ ചാര്‍ട്ട് ചെയ്തതില്‍ യുവതാരങ്ങളെ സ്വന്തമാക്കാനും ഫ്രാഞ്ചൈസികള്‍ മത്സരിച്ചു.
ചൊവ്വാഴ്ച ആദ്യ ഘട്ടത്തില്‍ 42 കളിക്കാരാണ് ലേലത്തില്‍ പോയത്. 84 പേരില്‍ 27 അറ്റാക്കര്‍മാരും (സ്‌ട്രൈക്കര്‍, വിംഗര്‍), 21 മിഡ്ഫീല്‍ഡര്‍മാരും, 26 ഡിഫന്‍ഡര്‍മാരും പത്ത് ഗോള്‍ കീപ്പര്‍മാരും ഉള്‍പ്പെടുന്നു.
സീസണില്‍ തിളങ്ങിയവരും, പരിചയ സമ്പന്നരും യുവവാഗ്ദാനങ്ങളും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ താര പട്ടിക. ഇതില്‍ മുപ്പത് കളിക്കാര്‍ വിവിധ ഐലീഗ് ക്ലബ്ബുകളില്‍ കരാറുള്ളവരാണ്. അവരെ വായ്പാടിസ്ഥാനത്തിലാണ് ഐ എസ് എല്‍ ഫ്രാഞ്ചൈസികള്‍ ടീമിലെത്തിക്കുന്നത്. ടൂര്‍ണമെന്റിനിടെ കളിക്കാര്‍ക്ക് പരിക്കേറ്റാല്‍ പകരക്കാരെ കണ്ടെത്താനുള്ള റിസര്‍വ് പൂളുണ്ട്. ഇതില്‍ ഏഴ് കളിക്കാരുണ്ടാകും.
ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ഡേവിഡ് ജെയിംസിനെ ഒന്നാം ഗോളിയായി നേരത്തെ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഈസ്റ്റ്ബംഗാള്‍ മുന്‍ കോച്ച് ട്രെവര്‍ മോര്‍ഗന്‍ സന്ദീപ് നന്ദിയുടെ പരിചയ സമ്പത്തിന് മാര്‍ക്കിടുകയായിരുന്നു.
ഡല്‍ഹി ടീമിലുള്‍പ്പെട്ടതില്‍ സ്റ്റീവന്‍ ഡയസ് സന്തോഷം പ്രകടിപ്പിച്ചു. നെഹ്‌റു കപ്പ്, ഡുറന്‍ഡ് കപ്പ് ഡല്‍ഹിയില്‍ കളിച്ചിട്ടുണ്ട്. ഏറെ പിന്തുണച്ച നഗരമാണിത്. അവിടെ കളിക്കാന്‍ സാധിക്കുമെന്നത് ഭാഗ്യമായി കരുതുന്നു. ഐ എസ് എല്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ ഉയരങ്ങളിലെത്തിക്കും – ഡയസ് പറഞ്ഞു.
വിദേശ സൂപ്പര്‍ താരങ്ങള്‍ അടങ്ങുന്ന ടീമില്‍ കളിക്കാന്‍ സാധിക്കുക, അവര്‍ക്കൊപ്പം ഡ്രസിംഗ് റൂം പങ്കിടുക. പുതിയ അനുഭവമാണ് ഇന്ത്യന്‍ താരങ്ങലെ കാത്തിരിക്കുന്നത്. കിക്കോഫിനായി കാത്തിരിക്കുകയാണ് – ക്ലൈമാക്‌സ് ലോറന്‍സ് പറഞ്ഞു.
ഐ എസ് എല്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയൊരു വിപ്ലവം സൃഷ്ടിക്കും. യുവാക്കള്‍ വന്‍തോതില്‍ ഫുട്‌ബോളിലേക്ക് ഒഴുകിയെത്തും. പ്രതിഭാധനരായ കളിക്കാരെ വാര്‍ത്തെടുക്കാന്‍ ഇന്ത്യക്ക് സാധിക്കും – ബംഗളുരു ടീമിലെ ഗൗരമാംഗി സിംഗ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്‌സില്‍ ഇടം പിടിച്ച മെഹ്താബ് ഹുസൈന്റെ ആവേശം ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി അടുത്തിടപഴകാമെന്നതിലാണ്. സച്ചിന്‍ എന്റെ മാതൃകാപുരുഷനാണ്. പരിക്കില്‍ നിന്ന് എങ്ങനെ തിരിച്ചുവരവ് നടത്താമെന്നത് സച്ചിനില്‍ നിന്ന് പഠിക്കാന്‍ സാധിക്കും – മെഹ്താബ് ആവേശത്തിലാണ്. വയനാട്ടുകാരന്‍ സുശാന്ത് മാത്യുവും മെഹ്താബിനെ പോലെ സച്ചിന്റെ ടീമില്‍ ഇടം ലഭിച്ചതിലുള്ള സന്തോഷത്തിലാണ്.

വിവിധ ഫ്രാഞ്ചൈസികളിലെ ഇന്ത്യന്‍ സ്‌ക്വാഡ് ഇങ്ങനെ

ഡല്‍ഹി ഡയനാമോസ് : ആദില്‍ ഖാന്‍, മനീഷ് ഭാര്‍ഗവ്, ഗോവിന്‍ സിംഗ്, ജഗ്‌രൂപ് സിംഗ്, സ്റ്റീവന്‍ ഡയസ്, അന്‍വര്‍ അലി, മനന്‍ദീപ് സിംഗ്. (ആദ്യ ഘട്ട ലേലം -ഫ്രാന്‍സിസ്‌കൊ ഫെര്‍ണാണ്ടസ്, സൗവിക് ചക്രവര്‍ത്തി, സൗവിക് ഘോഷ്, നവോബ സിങ്, റോബര്‍ട്ട് ലാല്‍ത്തമൗന, മുന്‍മും തിമോത്തി ലുഗാന്‍. )

അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത: സഞ്ജു പ്രദാന്‍, കിന്‍ഷു ദേബ്‌നാഥ്, ലെസ്റ്റര്‍ ഫെര്‍നാണ്ടസ്, സുഭാശിഷ് റോയ് ചൗദരി, ബല്‍ജിത് സാഹ്‌നി, ക്ലൈമാക്‌സ് ലോറന്‍സ്, എന്‍ മോഹന്‍രാജ്. (ആദ്യ ഘട്ട ലേലം -കാവിന്‍ ലോബൊ, മുഹമ്മദ് റാഫി, മുഹമ്മദ് റഫീഖ്,. രാകേഷ് മസിഹ്, ഡെന്‍സില്‍ ഫ്രാങ്കോ, ആര്‍നബ് മൊണ്ഡല്‍, ബിശ്വജിത്ത് സാഹ)

ബംഗളുരു: അഭിഷേക് ദാസ്, ജയേഷ് റാണ, അഭിജിത് മൊണ്ടല്‍, ആന്റണി ബര്‍ബോസ, ഡാനി പെരേര, എന്‍ പി പ്രദീപ്, ജാസന്‍ വാലെസ്. (ആദ്യ ഘട്ട ലേലം -ഡെന്‍സണ്‍ ദേവദാസ്, ഷില്‍ട്ടണ്‍ പോള്‍, ഗൂര്‍മാംഗി സിങ്, ജെജെ ലാല്‍പെഖൂല, ധനചന്ദ്രസിങ്, ഹേര്‍മന്‍ജത് ഖാബ്ര, ഖെലെംബ മീതായി.)

കേരള ബ്ലാസ്റ്റേഴ്‌സ്: അഭിനവ് ബാഗ്, സന്ദീപ് നന്ദി, സി എസ് സബീത്, ലൂയിസ് ബാരെറ്റോ, മിലഗ്രെസ് ഗോണ്‍സാല്‍വസ്, രമണ്‍ദീപ് സിംഗ്, റെനെഡി സിംഗ്. (ആദ്യ ഘട്ട ലേലം -സുശാന്ത് മാത്യു, നിര്‍മല്‍ ഛേത്രി, ഇഷ്ഫാഖ് അഹമ്മദ്, സന്ദേശ് ജിന്‍ഗാന്‍, മെഹ്താബ് ഹുസൈന്‍, ഗോഡ്‌വിന്‍ ഫ്രാങ്കോ, ഗുര്‍വീന്ദര്‍ സിംഗ്).

മുംബൈ: രോഹിത് മിര്‍സ, ഇഷാന്‍ ദേബ്‌നാഥ്, നദോംഗ് ഭൂട്ടിയ, ആസിഫ് കോട്ടായി, പീറ്റര്‍ കോസ്റ്റ, ലാല്‍റിന്‍ ഫെല, സുശീല്‍ കുമാര്‍ സിംഗ്. (ആദ്യ ഘട്ട ലേലം -ദീപക് മൊണ്ഡല്‍, രാം മാലിക്, രാജു ഗെയ്ക്‌വാദ്, സയ്യിദ് റഹീം നബി, ലാല്‍റിന്‍ഡിക്ക റാള്‍ട്ട, സുബ്രത പാല്‍).

പൂനെ: ദീപക് ദേവ്‌റാണി, തപന്‍ മീതായി, അരിന്ദം ഭട്ടാചാര്യ, അനുപം സര്‍ക്കാര്‍, പ്രതീക് ഷിന്‍ഡെ, ലളിത് ഥാപ, മെഹ്‌റാജുദീന്‍ വദു. (ആദ്യ ഘട്ട ലേലം -ഇസ്രയല്‍ ഗുരുങ്, മനീഷ് മൈതാനി, പ്രിതം കൊതല്‍, ധര്‍രാജ് രാവണന്‍, അശുതോഷ് മേത്ത, ലെന്നി റോഡ്രിഗസ്)

ഗോവ: മന്ദര്‍ റാവു ദേശായ്, റോമിയോ ഫെര്‍നാണ്ടസ്, പീറ്റര്‍ കാര്‍വാലോ, പ്രണോയ് ഹാല്‍ദര്‍, പ്രോബിര്‍ ദാസ്, റൗളിന്‍സന്‍ റോഡ്രിഗസ്. (ആദ്യ ഘട്ട ലേലം -ആല്‍വിന്‍ ജോര്‍ജ്, ഷെയ്ഖ് ജ്വല്‍ രാജ, ക്ലിഫോഡ് മിറാന്‍ഡ, ഗബ്രിയേല്‍ ഫെര്‍ണാണ്ടസ്, ദേബബ്രത റോയ്, ലക്ഷ്മികാന്ത് കിട്ടാമണി, നാരായണ്‍ ദാസ്.)

നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്: പ്രിതം കുമാര്‍ സിംഗ്, മിലന്‍ സിംഗ്, റോബിന്‍ ഗുരുംഗ്, റഡീം ലാംഗ്, സെമിലെന്‍ ഡൗംഗല്‍, ഡേവിഡ് ഗെയ്‌തെ. (ആദ്യ ഘട്ട ലേലം -രഹ്‌നേഷ് ടി.പി, സോമിംഗ്ലിയാന റാള്‍ട്ടെ, അയിബൊര്‍ലാങ് ഖോങ്ജീ, ദുര്‍ഗ ബൊരൊ, ജിബോണ്‍ സിങ്, കുന്‍സാങ് ഭൂട്ടിയ, ബൊയ്തങ് ഹാവോകിപ്).