സുപ്രീം കോടതി പ്രവര്‍ത്തനം ഇനി 2013ലെ ചട്ടപ്രകാരം

Posted on: July 24, 2014 6:00 am | Last updated: July 24, 2014 at 12:13 am

supreme courtന്യുഡല്‍ഹി: സുപ്രീം കോടതിയുടെ പ്രവര്‍ത്തനം ഇനി 2013ലെ ചട്ടങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും. ഇതിന് ചീഫ് ജസ്റ്റിസ് അംഗീകാരം നല്‍കി. ഇത് സംബന്ധിച്ച് ബുധനാഴ്ച ഗസറ്റില്‍ വിജ്ഞാപനം ചെയ്തു. 1966ലെ ചട്ടങ്ങള്‍ക്ക് പകരം വെക്കുന്ന ചട്ടം വരുന്ന ആഗസ്റ്റ് 19 മുതല്‍ പ്രാബല്യത്തില്‍ വരും. സുപ്രീം കോടതിയുടെ നടപടിക്രമങ്ങള്‍ ലളിതവത്കരിക്കുകയാണ് പുതിയ ചട്ടങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.
പുതിയ ചട്ടമനുസരിച്ച് വധശിക്ഷക്കെതിരായ അപ്പീല്‍ പരിഗണിക്കുന്നത് മൂന്നില്‍ കുറയാത്ത ജഡ്ജിമാര്‍ ചേര്‍ന്ന് വേണം. സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനുള്ള കോടതി ഫീസ് പത്ത് മടങ്ങ് വര്‍ധിപ്പിച്ചു. നിലവിലുള്ള 50 രൂപ 500 രൂപയായാണ് വര്‍ധിപ്പിച്ചത്. സത്യവാങ്മൂലം ഫയല്‍ ചെയ്യാനുള്ള ഫീസ് രണ്ട് രൂപയില്‍ നിന്ന് 20 രൂപയാക്കി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജികള്‍ ഫയല്‍ ചെയ്യാനുള്ള കരുതല്‍ തുക 20,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയര്‍ത്തി.
സുപ്രീം കോടതിയുടെ മധ്യവേനല്‍ അവധി പത്ത് ആഴ്ചയെന്നത് ഏഴ് ആഴ്ചകളായി കുറച്ചു. ലോ കമ്മീഷന്‍ 2009ലെ അതിന്റെ റിപ്പോര്‍ട്ടില്‍ മേല്‍ക്കോടതികളുടെ അവധി 10 മുതല്‍ 15 ദിവസം വരെയാക്കി കുറക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു.