Connect with us

Gulf

മെട്രോ: തകരാറിലായ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചു

Published

|

Last Updated

ദുബൈ: മെട്രോ ചുവപ്പു പാതയില്‍ ഒരു ഭാഗത്ത് കഴിഞ്ഞ ദിവസം മുടങ്ങിയ ഗതാഗതം ഇന്നലെ പുനഃസ്ഥാപിച്ചു. റെയിലില്‍ ലോറിയുടെ ടയര്‍ തെറിച്ച് വീണതിനെ തുടന്ന് തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ നിര്‍ത്തി വെച്ച മെട്രോ സര്‍വീസാണ് ഇന്നലെ രാവിലെ പുനഃസ്ഥാപിച്ചത്. ഇബ്‌നുബത്തൂത്ത സ്റ്റേഷനും ജബല്‍ അലിക്കുമിടയില്‍ മേല്‍പ്പാലത്തോട് കൂടിയ ഇന്റര്‍സെക്ഷനിലൂടെ കടന്നു പോയ ലോറി കാറില്‍ ഇടിക്കുകയും ലോറിയുടെ ടയറുകളില്‍ ഒന്ന് ഇടിയുടെ ആഘാതത്തില്‍ തെറിച്ചു മെട്രോ ട്രാക്കില്‍ വീഴുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് ട്രാക്കിന് കേടുപാട് സംഭവിച്ചതും തിങ്കളാഴ്ച മുഴുവന്‍ ഈ മേഖലയിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ചതും. തങ്കളാഴ്ച വൈകുന്നേരത്തോടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായിരുന്നെങ്കിലും സര്‍വീസ് ആരംഭിക്കുന്നത് ഇന്നലെ പുലര്‍ച്ചേക്ക് മാറ്റുകയായിരുന്നു.
റോഡ് അപകടത്തെ തുടര്‍ന്നാണ് സര്‍വീസ് തടസപ്പെട്ടതെന്ന് ട്വിറ്റര്‍ സന്ദേശങ്ങളിലൂടെ ആര്‍ ടി എ നിരവധി തവണ പൊതുജനങ്ങളെ അറിയിച്ചിരുന്നു. ഈ മേഖലയില്‍ ഇരു ദിശയിലേക്കുമുള്ള സര്‍വീസുകളും ഒരു ദിവസം മുഴുവന്‍ തടസപ്പെട്ടു. എനര്‍ജി, ഡാന്യൂബ് തുടങ്ങിയ സ്റ്റേഷനുകളിലും ഇതുമൂലം യാത്രക്കാര്‍ക്ക് മെട്രോയില്‍ കയറാന്‍ സാധിച്ചില്ല. തടസം നേരിട്ട സ്‌റ്റേഷനുകള്‍ക്കിടയില്‍ യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ആര്‍ ടി എ കൂടുതല്‍ ഷട്ടില്‍ ബസ് സര്‍വീസുകളും ടാക്‌സികളും ഏര്‍പ്പെടുത്തിയിരുന്നു. ചുവപ്പ് പാതയിലെ ജബല്‍ അലിയിലെ അവസാന സ്‌റ്റേഷനിലും ഇതുമൂലം സര്‍വീസുണ്ടായിരുന്നില്ല. റാശിദിയയില്‍ നിന്നു നഖീല്‍ ഹാര്‍ബര്‍ സ്‌റ്റേഷന്‍ വരെയായിരുന്നു തിങ്കളാഴ്ച ചുവപ്പ് പാതയില്‍ മെട്രോ തീവണ്ടികള്‍ ഓടിയത്. സാങ്കേതികസുരക്ഷാ കാരണങ്ങളാല്‍ ദീര്‍ഘ നേരത്തെ പരിശോധനക്കും മറ്റും ശേഷം മാത്രമേ ഈ മേഖലയില്‍ സര്‍വീസ് പുനരാരംഭിക്കൂവെന്നു ആര്‍ ടി എ ഓപറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് യൂസുഫ് അല്‍ മുദ്‌റബ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

Latest