Connect with us

Kozhikode

എ ടി എം കാര്‍ഡ് മോഷ്ടിച്ച് പണം പിന്‍വലിച്ച ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടു

Published

|

Last Updated

രാമനാട്ടുകര: കഴിഞ്ഞ ദിവസം രാമനാട്ടുകര പുല്ലുംകുന്ന് റോഡിലെ ആളില്ലാത്ത വീട് കുത്തിത്തുറന്ന് എ ടി എം കാര്‍ഡ് മോഷ്ടിച്ച് നാല്‍പ്പതിനായിരം രൂപ പിന്‍വലിച്ച ആളുടെ ചിത്രം പോലീസ് പുറത്തുവിട്ടു. ഐക്കരപ്പടി എസ് ബി ടി ബേങ്കിന്റെ എ ടി എം കൗണ്ടറില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയുള്ള ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ചെറുവണ്ണൂരിലെ ഫെഡറല്‍ ബേങ്കിന്റെ എ ടി എം കൗണ്ടറില്‍ നിന്നും ഇയാളുടെ ചിത്രം ലഭിച്ചിട്ടുണ്ട്.
രാമനാട്ടുകരയിലെ എസ് ബി ടിയുടെ എ ടി എം കൗണ്ടറിലെ ക്യാമറ ചിത്രം വ്യക്തമല്ല. ചിത്രത്തില്‍ കഷണ്ടിയുള്ള തടിച്ച ഒരാളുടെ ചിത്രമാണ് കിട്ടിയത്. ഇയാള്‍ മുണ്ട് കൊണ്ട് മുഖം മറച്ച നിലയിലാണ്. പോലീസിന്റെ കൈവശമുള്ള കുറ്റവാളികളുടെ ചിത്രങ്ങളുടെ ശേഖരത്തില്‍ ഇങ്ങനെ ഒരാളുടെ ചിത്രം കണ്ടതായി പോലീസിനു വ്യക്തതയില്ല.
രാമനാട്ടുകര പുല്ലുകുന്ന് റോഡില്‍ ഗവ. ആശുപത്രിക്കു സമീപമുള്ള രണ്ട് വീടുകളുടെ മുന്‍വശത്തെ വാതിലുകള്‍ കുത്തിത്തുറന്നായിരുന്നു മോഷ്ടാക്കള്‍ അകത്തു കടന്നത്. ശനിയാഴ്ച ഇരു വീട്ടുക്കാരും വീട് പൂട്ടി പോയതായിരുന്നു. തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. പാണ്ടികശാല ഹനീഫ, കല്‍പ്പകയില്‍ കെ ബി വിശ്വനാഥന്‍ എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
ഗള്‍ഫില്‍ ജോലിയുള്ള ഹനീഫയുടെ വീട്ടില്‍ നിന്നാണ് എ ടി എം കാര്‍ഡ് മോഷ്ടിച്ചത്. ഹനീഫയുടെ ഭാര്യ പരപ്പനങ്ങാടിയിലുള്ള ബന്ധുവീട്ടില്‍ പോയ സമയത്താണ് വീട്ടില്‍ നിന്ന് എ ടി എം കാര്‍ഡ് കവര്‍ന്നത്. പുറമെ കാല്‍ പവന്റെ സ്വര്‍ണ കമ്മലും ജോലിക്കാരി സൂക്ഷിച്ച 800 രൂപയും മോഷ്ടിച്ചു. എസ് ബി ഐയുടെ എ ടി എം കാര്‍ഡാണ് നഷ്ടപ്പെട്ടത്. കാര്‍ഡ് സൂക്ഷിച്ചിരുന്ന കവറില്‍ പിന്‍നമ്പര്‍ എഴുതിയതാണ് വിനയായത്.
വിശ്വനാഥനും കുടുംബവും കോയമ്പത്തൂരില്‍ പഠിക്കുന്ന മകളുടെയടുത്ത് പോയതായിരുന്നു. ഇവിടെ നിന്ന് കിടപ്പുമുറിയിലെ അലമാരയിലുണ്ടായിരുന്ന മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങളും 2500 രൂപയും ബേങ്ക് ലോക്കറിന്റെ താക്കോലും മോഷ്ടിച്ചു. പൂജാമുറി അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു. പോലീസ് മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി ഫറോക്ക് എസ് ഐ. എം ടി ജേക്കബ് പറഞ്ഞു.

 

Latest