ഡി എല്‍ എഫ് കായല്‍ കൈയേറിയെന്ന് ഇടക്കാല റിപ്പോര്‍ട്ട്

Posted on: July 23, 2014 12:29 am | Last updated: July 23, 2014 at 12:29 am

കൊച്ചി: ചിലവന്നൂര്‍ കായല്‍ കൈയേറി ഡി എല്‍ എഫ് ഫഌറ്റ് നിര്‍മിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്ന മൂന്നംഗ വിദഗ്ധ സമിതി കേരള തീരദേശ പരിപാലന അതോറിറ്റിക്ക് ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. ചിലവന്നൂര്‍ കായലില്‍ കൈയേറ്റം നടന്നിട്ടുണ്ടെന്ന് സമിതിക്ക് ബോധ്യമായതായാണ് റിപ്പോര്‍ട്ടിലുള്ളത്. 2002 മുതലുള്ള ഗൂഗിള്‍ ഉപഗ്രഹ ചിത്രങ്ങളും പ്രധാന രേഖകളും ഉള്‍പ്പെടെയുള്ള സ്വതന്ത്ര റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. ഭാവിയില്‍ തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിക്കാതിരിക്കാനും കൈയേറ്റങ്ങള്‍ ചെറുക്കാനുമുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി. റവന്യൂ വകുപ്പില്‍ നിന്ന് സര്‍വേ റിപ്പോര്‍ട്ടുകൂടി ലഭിച്ച ശേഷം ഒരാഴ്ചക്കുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കും. ഡോ. എ രാമചന്ദ്രന്‍, ഡോ. കമലാക്ഷന്‍ കോക്കല്‍, പ്രൊഫ. പി പത്മകുമാര്‍ എന്നിവരാണ് സമിതിയിലുള്ളത്.
ചിലവന്നൂര്‍ കായലിനോട് ചേര്‍ന്ന് അഞ്ച് ഏക്കര്‍ സ്ഥലത്താണ് ഡി എല്‍ എഫ് കെട്ടിട സമുച്ചയം നിര്‍മിച്ചത്. സ്ഥലവും കെട്ടിടവും ഉള്‍പ്പെടെ 700 കോടിയോളം രൂപയുടെ ആസ്തി കണക്കാക്കുന്നു. കായലിന് ചേര്‍ന്ന് അമ്പത് സെന്റ് സ്ഥലം കൈയേറി മതില്‍ കെട്ടി കൈവശപ്പെടുത്തിയെന്ന പരാതിയിലാണ് അതോറിറ്റി മൂന്നംഗ ഉപസമിതിയെ അന്വേഷിക്കാന്‍ നിയമിച്ചത്. കെട്ടിട നിര്‍മാണം വിവാദമായതോടെ ഫഌറ്റ് വാങ്ങിയവരും നിയമ നടപടിക്കൊരുങ്ങുകയാണ്. കായലിന്റെ വിവിധ ഭാഗങ്ങളിലായി സി ആര്‍ ഇസെഡ് ചട്ടങ്ങള്‍ ലംഘിച്ചും കായല്‍ കൈയേറിയും വന്‍കിട സ്വകാര്യ കമ്പനികള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം നിലവിലെ രേഖ പ്രകാരമുള്ള ഡി എല്‍ എഫിന്റെ ഭൂമിയില്‍ രണ്ട് ദിവസത്തിനകം റവന്യു അധികൃതര്‍ ടോട്ടല്‍ സ്‌റ്റേഷന്‍ സര്‍വേ നടത്തും. സ്ഥലത്ത് കെട്ടിട സമുച്ചയമുള്ളതിനാല്‍ മറുവശത്തെ സ്ഥലത്തിന്റെ അവസ്ഥകൂടി തിരിച്ചറിയാനുതകുന്ന സര്‍വേയാണിത്. വിവിധ സര്‍വേ റിക്കോഡുകള്‍ ഏകീകരിച്ചുള്ള സര്‍വേ ആയിരിക്കും നടത്തുകയെന്ന് അഡീഷനല്‍ തഹസില്‍ദാര്‍ സി കെ വേണു പറഞ്ഞു.