റഷ്യന്‍ മുന്‍ ചാരന്റെ മരണം: ബ്രിട്ടന്‍ അന്വേഷണത്തിന്‌

Posted on: July 23, 2014 6:00 am | Last updated: July 23, 2014 at 12:12 am
download
ലിറ്റ്‌വി നെന്‍കോ

ലണ്ടന്‍: റഷ്യന്‍ മുന്‍ ചാരന്‍ അലക്‌സാണ്ടര്‍ ലിറ്റ്‌വിനെന്‍കോ 2006ല്‍ വിഷബാധയേറ്റ് മരിച്ച സംഭവം വലിയ തോതിലുള്ള പൊതു അന്വേഷണത്തിന് വിധേയമാക്കുമെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. റഷ്യയുമായി സംഘര്‍ഷം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലുണ്ടായ ഈ തീരുമാനം ലിറ്റ്‌വിനെന്‍കോയുടെ മരണത്തില്‍ റഷ്യക്ക് പങ്കുണ്ടോയെന്ന കാര്യമായിരിക്കും അന്വേഷിക്കുക. ലിറ്റ്‌വിനെന്‍കോയുടെ മരണം ഭീകരമായ കുറ്റക്യത്യമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രോസിക്യൂട്ട് ചെയ്യേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
മരണം സംബന്ധിച്ച് സ്വതന്ത്രമായ അന്വേഷണമായിരിക്കും നടക്കുകയെന്നും റഷ്യക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നത് സംബന്ധിച്ച രഹസ്യ തെളിവുകള്‍ പരിഗണിക്കുമെന്നും പൊതു അന്വേഷണത്തിന് കൂടുതല്‍ സാധ്യതയുണ്ടെന്നും ആഭ്യന്തര സെക്രട്ടറി തെരേസ മെയ് പ്രസ്താവനയില്‍ പറയുന്നു. മരണം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ഏറെ നാളായി ലിറ്റ്‌വിനെന്‍കോയുടെ ഭാര്യ മറീന ആവശ്യപ്പെട്ടു വരുന്നതിനിടെയാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ലിറ്റ്‌വിനെന്‍കോയുടെ മരണത്തില്‍ രണ്ട് റഷ്യക്കാരെയാണ് പ്രധാനമായും സംശയിക്കുന്നത്. ഇപ്പോഴും റഷ്യയില്‍ തന്നെയുള്ള ഇവര്‍ തങ്ങളുടെ പങ്കാളിത്തം നിഷേധിച്ചിട്ടുണ്ട്. മുന്‍ റഷ്യന്‍ ചാരനായിരുന്ന ലിറ്റ്‌വിനെന്‍കോ പിന്നീട് റഷ്യയുടെ ശക്തനായ വിമര്‍ശകനായി മാറിയിരുന്നു.
പൊളോണിയം 210 എന്ന വിഷപദാര്‍ഥം ചായയിലൂടെ ശരീരത്തിലെത്തിയതിനെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ മരണം സംബന്ധിച്ച് പൂര്‍ണ തോതിലുള്ള അന്വേഷണത്തിന് ഇതുവരെ ബ്രിട്ടന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ഹൈക്കോടതി സര്‍ക്കാറിന് റൂളിംഗ് നല്‍കിയിരുന്നു.