സ്ത്രീധന പീഡനം മൂലം യുവതിയുടെ മരണം: ഭര്‍തൃ മാതാവിന് ഏഴുവര്‍ഷം തടവ്

Posted on: July 22, 2014 11:45 am | Last updated: July 22, 2014 at 11:43 pm

court-hammerകോഴിക്കോട്: സ്തീധന പീഡനത്തെ തുടര്‍ന്ന് യുവതി മരിച്ച കേസില്‍ കുറ്റക്കാരിയെന്ന് കണ്ടെത്തിയ ഭര്‍ത്തൃമാതാവിനെ ഏഴു വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. പുതുപ്പാടി സ്വദേശിയായ ചേലോട്ടില്‍ സൗമ്യ(20) തീകൊളുത്തി മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് ഗിരീഷിന്റെ മാതാവ് വള്ളി(47)യെയാണ് മാറാട് പ്രത്യേക സെഷന്‍സ് കോടതി ജഡ്ജി കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.

കേസില്‍ ഗിരീഷ് (30), ഗിരീഷിന്റെ മാതൃസഹോദരി ഗംഗ(42), പ്രായപൂര്‍ത്തിയാകാത്ത ഭര്‍തൃസഹോദരി എന്നിവരും പ്രതികളായിരുന്നു. ഇവരെ കോടതി വെറുതെ വിട്ടു. പ്രായ പൂര്‍ത്തിയാകാത്ത സഹോദരിയുടെ കേസ് ജുവനൈല്‍ ജസ്റ്റീസ് പരിഗണിച്ചുവരികയാണ്.

കൂടരഞ്ഞിയിലെ ഭര്‍ത്തൃവീട്ടില്‍ വച്ച് 2008 മാര്‍ച്ച് എട്ടിന് സൗമ്യ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ആഗസ്റ്റ് 30ന് മരണമടയുകയുമായിരുന്നു. സ്ത്രീധന പീഡനം മൂലമാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് സൗമ്യ ആശുപത്രിയില്‍ വെച്ച് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു.