മുണ്ടേരിയില്‍ മാവോയിസ്റ്റുകളെ കണ്ടതായി ആദിവാസികള്‍

Posted on: July 22, 2014 10:49 am | Last updated: July 22, 2014 at 10:49 am

എടക്കര: മുണ്ടേരി തരിപ്പപ്പൊട്ടി കോളനിയില്‍ മാവോയിസ്റ്റുകളെത്തിയതായി വിവരം. വെള്ളിയാഴ്ച ആയുധ ധാരികളായ മൂന്നംഗ സംഘം കോളനിയിലെത്തിയ വിവരം ഇന്നലെയാണ് ആദിവാസികള്‍ അധികൃതരെ അറിയിച്ചത്.
വൈകിട്ട് അഞ്ച് മണിയോടെ കോളനിയിലെത്തിയ സംഘം ആദിവാസികള്‍ ഉണ്ടാക്കി നല്‍കിയ ഭക്ഷണം കഴിച്ചാണ് കോളനിയില്‍ നിന്നും മടങ്ങിയത്. ഇതിനിടെ അതീവ ഗുരുതരമായ ചില വിഷയങ്ങള്‍ ആദിവാസികളുമായി സംഘം ചര്‍ച്ച ചെയ്തതായാണ് രഹസ്യവിവരം. ഇതിനായി ആദിവാസികളുടെ സഹായം സംഘം തേടിയതായാണ് അറിയുന്നത്. വാണിയംപുഴ പ്ലാന്റേഷന്‍ കോര്‍പറേഷന്റെ തോട്ടത്തിനോട് ചേര്‍ന്നുള്ള കടയില്‍ നിന്നും അരിയും മറ്റ് സാധനങ്ങളും സംഘം വാങ്ങിയതായും പറയുന്നു.
വെള്ളിയാഴ്ച ബീറ്റ് സന്ദര്‍ശനം നടത്തിയിരുന്ന വാണിയംപുഴ ഡെപ്യൂട്ടി റെയ്ഞ്ചര്‍ എസ്. സുഗതന്‍ അടങ്ങിയ ആറംഗ വനപാലക സംഘത്തെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ തോട്ടത്തിന് സമീപത്ത്‌വച്ച് മാവോയിസ്റ്റുകള്‍ നിരീക്ഷിച്ചിരുന്നതായും വിവരമുണ്ട്. ആദിവാസികളില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ചോര്‍ന്നിട്ടുള്ളത്.
മാവോയിസ്റ്റുകള്‍ വെള്ളിയാഴ്ച കോളനിയിലെത്തിയിട്ടും തിങ്കളായ്ചയാണ് വിവരം പുറംലോകമറിയുന്നത്. രണ്ടാഴ്ച മുന്‍പ് വാണയംപുഴ കോളനിയിലെത്തിയ മൂന്നംഗസംഘം ആദിവാസികളെ വിളിച്ച് ചേര്‍ത്ത് ക്ലാസെടുത്തിരുന്നു.
വയനാട് ജില്ലയിലെ മേപ്പാടി, ചൂരല്‍മല ഭാഗങ്ങളിലേക്ക് വാണയംപുഴ വനമേഖലയിലെ ഫയര്‍ലൈന്‍ വഴി എളുപ്പത്തില്‍ സഞ്ചരിക്കാം. ഇക്കാരണത്താല്‍ ഈ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ ക്യാമ്പ് ചെയ്യുന്നതാണ് വനം ഉദേ്യാഗസ്ഥരുടെ നിഗമനം.