മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് 12 വര്‍ഷം കഠിന തടവും പിഴയും

Posted on: July 22, 2014 12:52 am | Last updated: July 22, 2014 at 12:52 am

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് 12 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവനുഭവിക്കണം, 354, 506 വകുപ്പുകള്‍ പ്രകാരം മൂന്ന് വര്‍ഷം വീതം കഠിന തടവും 10,000 രൂപാ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കഠിനതടവ് അനുവഭിക്കണം. വയനാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ ഭാസ്‌കരനാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴയടക്കുകയാണെങ്കില്‍ പീഡനത്തിനിരയായ കുട്ടിക്ക് നല്‍കാനും ഉത്തരവായി.
2009 മുതല്‍ 2012 കാലയളവില്‍ പ്രതി അബ്ദുര്‍റശീദ് ഭീഷണിപ്പെടുത്തി കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും, 2006 മുതല്‍ 2013 നവംബര്‍ വരെ കുട്ടിയെ മാനഹാനിപ്പെടുത്തിയെന്നും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പോലീസ് കേസ്. സംഭവകാലത്ത് കുട്ടിയുടെ മാതാവ് ഗള്‍ഫിലായിരുന്നു. കുട്ടിയെ ആറാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പ്രതി പീഡിപ്പിച്ചിരുന്നു. ഇയാളുടെ ശല്യം സഹിക്കവയ്യാതെ കുട്ടിയും മാതാവിന്റെ അനുജത്തിയും കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ 12 പ്രതികളെ വിസ്തരിച്ചു. 12 രേഖകള്‍ ഹാജരാക്കി. ലൈംഗിക കുറ്റങ്ങള്‍ മനുഷ്യത്വരഹിതവും സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. അത് സ്ത്രീയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പ്പിക്കുമെന്നും പീഡനത്തിനിരയായത് നിഷ്‌കളകയായ കുട്ടിയാകുമ്പോള്‍ പീഡനത്തിന്റെ ആഴവും വ്യാപ്തിയും ആഘാതവും കൂടുതലാകുമെന്നും കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ ഗൗരവത്തോടുകൂടി കൈകാര്യം ചെയ്യണമെന്നും ലഘുവായി കണ്ടാല്‍ സമൂഹ താത്പര്യത്തിനെതിരാകുമെന്നും കോടതി നീരീക്ഷിച്ചു. കല്‍പ്പറ്റ സി ഐ. കെ കെ അബ്ദുല്‍ ഷരീഫാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.