പാല്‍ വില വര്‍ധന പ്രാബല്യത്തില്‍ വന്നു

Posted on: July 22, 2014 12:50 am | Last updated: July 22, 2014 at 12:50 am

milmaതിരുവനന്തപുരം: #മില്‍മ പാല്‍ വില വര്‍ദ്ധന നിലവില്‍ വന്നു. ലിറ്ററിന് മൂന്നു മുതല്‍ നാലു രൂപ വരെയാണ് വര്‍ധിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം കൊഴുപ്പ് കുറഞ്ഞ മഞ്ഞക്കവര്‍ പാലിന് ലിറ്ററിന് 36 രൂപയാകും. തിരുവനന്തപുരം മേഖലാ യൂനിയനില്‍ മാത്രം വിതരണം ചെയ്യുന്നതാണിത്. അരലിറ്ററിന്റെ മഞ്ഞക്കവര്‍ പാലിന് ഇനി 18 രൂപ നല്‍കേണ്ടി വരും. നിലവില്‍ ഇതിന് 16 രൂപയായിരുന്നു. പാല്‍ വില കൂട്ടിയെങ്കിലും അനുബന്ധ ഉല്‍പന്നങ്ങള്‍ പഴയ വിലയില്‍ തന്നെ വില്‍ക്കുമെന്ന് മില്‍മ വ്യക്തമാക്കി. വില വര്‍ധിപ്പിക്കണമെന്ന മൂന്ന് മേഖലാ യൂനിയനുകളുടെയും മില്‍മയുടെയും എം ഡിമാരുടെ കമ്മിറ്റിയുടെയും ശിപാര്‍ശ അംഗീകരിച്ചാണ് തീരുമാനമെടുത്തത്.
സമീകൃത കൊഴുപ്പുള്ള നീലക്കവര്‍ പാല്‍ ലിറ്ററിന് 38 രൂപയും ഏറ്റവും കൂടുതല്‍ കൊഴുപ്പുള്ള പച്ചക്കവര്‍ പാലിന് 40 രൂപയും നല്‍കണം. പാലക്കാട് മാത്രം വിതരണം ചെയ്യുന്ന അരലിറ്ററിന്റെ ഇളംനീലക്കവര്‍ പാലിന് 18 രൂപ നല്‍കണം. ഇതിനുപുറമെ തിരുവനന്തപുരം മേഖലാ യൂനിയന്‍ 3.8 ശതമാനം കൊഴുപ്പുള്ള പച്ചക്കവര്‍ പാല്‍ പുതിയതായി വിപണിയില്‍ എത്തിക്കും. അരലിറ്ററിന്റെ ഈ പാലിന് 20.50 രൂപയാണ് നല്‍കേണ്ടത്. കൊല്ലം മേഖലക്കായി കൊഴുപ്പുള്ള ഗോള്‍ഡ് പാല്‍ വിതരണം ചെയ്യും. അരലിറ്റര്‍ കവറിന് 21.50 രൂപയാണ് വില. വര്‍ദ്ധിപ്പിക്കുന്ന വിലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് 2.40 രൂപ ലഭിക്കുമെന്ന് മില്‍മ അറിയിച്ചു.
12 പൈസ പ്രാഥമിക ക്ഷീര സംഘങ്ങള്‍ക്കും 12 പൈസ പാല്‍വിതരണ ഏജന്‍സികള്‍ക്കും ലഭിക്കും. രണ്ടു പൈസ ക്ഷീരകര്‍ഷക ക്ഷേമനിധി വിഹിതത്തിലേക്ക് നീക്കിവയ്ക്കും. വിലവര്‍ധനയോടെ ശരാശരി ഗുണനിലവാരമായ 4.1 ശതമാനം കൊഴുപ്പുള്ള പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് 30.12 രൂപ ലഭിക്കും. ഇപ്പോള്‍ 27.66 രൂപയാണ് ലഭിക്കുന്നത്. മില്‍മ സ്വയംഭരണ സ്ഥാപനമായതിനാല്‍ പാല്‍വില വര്‍ധിപ്പിക്കാനുള്ള അവകാശമുണ്ടെന്ന് ഹൈക്കോടതി 2011 ല്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് ലിറ്ററിന് അഞ്ച് രൂപ കൂട്ടി. സംസ്ഥാനത്ത് 12.50 ലക്ഷം ലിറ്റര്‍ പാലാണ് മില്‍മ വിതരണം ചെയ്യുന്നത്. ഇതില്‍ 10.50 ലക്ഷം ലിറ്ററാണ് ആഭ്യന്തരമായി സംഭരിക്കുന്നത്. നിലവില്‍ ലിറ്ററിന് 27.28 രൂപയാണ് ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ നല്‍കുന്നത്. ഉത്പാദന ചെലവ് 35 രൂപയാണെന്നാണ് എം ഡിമാരുടെ കമ്മിറ്റി കണ്ടെത്തിയത്. ഇന്ത്യയില്‍ പാല്‍ ഉത്പാദകന് ഏറ്റവും വില ലഭിക്കുന്ന സംസ്ഥാനം കേരളമാവുമെന്നും ക്ഷീരോല്‍പ്പാദനത്തിനു ചെലവ് വര്‍ധിച്ചതിനാലാണ് വില വര്‍ധിപ്പിക്കേണ്ടിവന്നതെന്നും മില്‍മ അവകാശപ്പെടുന്നു.
മില്‍മയുടെ വര്‍ധന മുതലെടുത്ത് വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ സ്വകാര്യ പാലുത്പാദകര്‍ ശ്രമം തുടങ്ങി. ഗാര്‍ഹികേതര ആവശ്യക്കാരെ ആകര്‍ഷിച്ച് വില്‍പന വര്‍ധിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇതിനായി മില്‍മ നല്‍കുന്നതിനേക്കാള്‍ ഇരട്ടി കമ്മീഷനാണ് വാഗ്ദാനം. സംസ്ഥാനത്തെ രണ്ട് ഡസനോളം സ്വകാര്യപാല്‍ ഉല്‍പാദക വിതരണക്കാര്‍ പ്രതിദിനം നാലര ലക്ഷത്തിനടുത്ത് ലിറ്റര്‍ പാലാണ് വില്‍ക്കുന്നത്.