Connect with us

National

മഹാരാഷ്ട്ര വ്യവസായ മന്ത്രി നാരായണ്‍ റാണെ രാജി വെച്ചു

Published

|

Last Updated

മുംബൈ: മഹാരാഷ്ട്ര സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് വ്യവസായ മന്ത്രി നാരായണ്‍ റാണെ രാജി വെച്ചു. മുഖ്യമന്ത്രി പൃഥ്വീരാജ് ചവാന്റെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് റാണെ രാജിക്കത്ത് നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ മാറ്റാത്തതിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തന്നെ ഉയര്‍ത്തിക്കാട്ടാത്തതിലും പ്രതിഷേധിച്ചാണ് രാജി. എന്നാല്‍, രാജി ഇതുവരെ മുഖ്യമന്ത്രി സ്വീകരിച്ചിട്ടില്ല.
പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യ വിമര്‍ശമുന്നയിച്ചാണ് റാണെ രാജി സമര്‍പ്പിച്ചത്. നിലവിലുള്ള നേതൃത്വം മാറാത്തപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അതേ ഫലം തന്നെയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്ന് റാണെ കുറ്റപ്പെടുത്തി.
2005ല്‍ ശിവസേനയില്‍ നിന്ന് രാജി വെച്ചാണ് റാണെ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റാണെയെ കാവി ക്യാമ്പിലേക്ക് ക്ഷണിക്കുകയില്ലെന്ന ശിവസേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. ഒരു യാഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തകനുള്ള സ്ഥാനം എവിടെയും ഒഴിഞ്ഞു കിടക്കുമെന്ന് റാണെ പറഞ്ഞു. താന്‍ ബി ജെ പിയിലേക്ക് കൂറുമാറുകയാണെന്ന പ്രചാരണം റാണെ നിഷേധിച്ചു. ബി ജെ പി നേതാവും കേന്ദ്ര മന്ത്രിയമായ നിതിന്‍ ഗഡ്കരിയുമായി താന്‍ അടുത്തിടെ കൂടിക്കാഴ്ചയൊന്നും നടത്തിയിട്ടില്ലെന്നും റാണെ പറഞ്ഞു.
2005ല്‍ ശിവസേന വിട്ട് കോണ്‍ഗ്രസിലെത്തിയ റാണെ ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനുമായി പരസ്യമായ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ചവാനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം കങ്കാവലിയില്‍ നടന്ന പൊതുയോഗത്തില്‍ ചവാനെതിരെ റാണെ പ്രസംഗിക്കുകയും ചെയ്തു.

 

Latest