Connect with us

International

ജി 20 ഉച്ചകോടിക്ക് മേല്‍ കരിനിഴല്‍ വീഴുന്നു

Published

|

Last Updated

സിഡ്‌നി: മലേഷ്യന്‍ വിമാനം വെടിവെച്ചു വീഴ്ത്തിയ സംഭവം ജി 20 ഉച്ചകോടിക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുമെന്ന് ആശങ്ക. ആസ്‌ത്രേലിയയില്‍ നടക്കുന്ന ജി 20 ഉച്ചകോടി സാമ്പത്തിക വളര്‍ച്ചാനിരക്ക് വര്‍ധിപ്പിക്കുന്ന കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യാനിരുന്നത്. എന്നാല്‍ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ട സംഭവവും ഇതിന് പിന്നില്‍ ഉക്രൈനിലെ റഷ്യന്‍ അനുകൂല വിമതരും റഷ്യയുമാണെന്ന ആരോപണം ഉച്ചകോടിയിലും പ്രതിഫലിക്കും.
ഉക്രൈനിലെ റഷ്യന്‍ അനുകൂല വിമതര്‍ക്ക് നല്‍കുന്ന സഹായം നിര്‍ത്താന്‍ സമ്മര്‍ദം ചെലുത്താനായി റഷ്യന്‍ വാണിജ്യ വകുപ്പ് മന്ത്രി ഡിനിസ് മന്‍തുരോവുമായി വെള്ളിയാഴ്ച വൈകിട്ട് ബന്ധപ്പെട്ടിരുന്നതായി ആസ്‌ത്രേലിയന്‍ വാണിജ്യ വകുപ്പ് മന്ത്രി ആന്‍ഡ്രു റോബ് പറഞ്ഞു. വിമാന ആക്രമണം സംബന്ധിച്ച് യു എന്നിന്റെ സ്വതന്ത്ര അന്വേഷണത്തോട് സഹകരിക്കുമെന്ന സുവ്യക്തമായ ഉറപ്പാണ് ആസ്‌ത്രേലിയ ആഗ്രഹിക്കുന്നതെന്നും റോബ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്നാല്‍ ഉക്രൈനിലെ ഇടപെടല്‍ അവസാനിപ്പിക്കുമെന്നോ ഇല്ലയോ എന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 28 ആസ്‌ത്രേലിയക്കാരടക്കം 298 പേര്‍ കൊല്ലപ്പെട്ട വിമാന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ വ്യാപാര ഉപരോധം പരിഗണിക്കുന്നത് റഷ്യന്‍ പ്രതികരണത്തേയും സഹകരണത്തേയും അനുസരിച്ചിരിക്കുമെന്നും റോബ് പറഞ്ഞു.
ആസ്‌ത്രേലിയ ഉള്‍പ്പെടെ മറ്റ് നിരവധി രാജ്യങ്ങള്‍ ചില റഷ്യക്കാര്‍ക്കും ഉക്രൈനികള്‍ക്കും യാത്രാ നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവംബറില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് റഷ്യന്‍ നേതാവ് വഌദിമിര്‍ പുടിനെ ക്ഷണിക്കുമോ എന്ന ചോദ്യത്തോട് മുതിര്‍ന്ന മന്ത്രിമാരൊന്നും പ്രതികരിച്ചില്ല.

Latest