അടുത്ത വര്‍ഷം സെക്രട്ടറി പദം ഒഴിയും: പിണറായി

Posted on: July 20, 2014 10:38 am | Last updated: July 20, 2014 at 11:49 am

IN25_VSS_PINARAI_14297eകൊച്ചി: അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന സമ്മേളനത്തോടെ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിയുമെന്ന് പിണറായി വിജയന്‍. ടിവി ന്യൂ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് സെക്രട്ടറി സ്ഥാനം ഒഴിയുന്ന കാര്യം പിണറായി ഒരു മാധ്യമത്തോട് വ്യക്തമാക്കുന്നത്. അടുത്ത സമ്മേളനത്തോടെ പാര്‍ട്ടിയെ നയിക്കാന്‍ പുതിയ ഒരാള്‍ വരും. പാര്‍ട്ടി ഒരു വ്യക്തിയെ ആശ്രയിച്ചല്ല നില്‍ക്കുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടി സംവിധാനത്തിന് പുതിയ സെക്രട്ടറിയെ കണ്ടെത്താന്‍ വിഷമമില്ല. പുതിയ സെക്രട്ടറി വന്നാലും പാര്‍ട്ടി ഇതേ നിലയില്‍ തന്നെ മുന്നോട്ടുപോകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
പാര്‍ട്ടിയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി അവസാനിച്ചുകഴിഞ്ഞു. പാര്‍ട്ടിയിലിപ്പോള്‍ പൊതുവേ നല്ല അന്തരീക്ഷമാണ്. പാര്‍ട്ടി ഐക്യത്തിനു വേണ്ടി പ്രവര്‍ത്തകരും പ്രസ്ഥാനവും പ്രാധാന്യം കൊടുക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ യോജിപ്പിച്ചുകൊണ്ടു പോകുന്നതിന് സഹായകരമായ നിലപാടാണ് വി എസ് അച്യുതാനന്ദന്റെ ഭാഗത്തു നിന്ന് ഇപ്പോഴുള്ളത്. അതിനായി നേതൃപരമായ പങ്കാണ് വി എസ് വഹിക്കുന്നത്. ഒരു പ്രത്യേകമായ പ്രശ്‌നവും വി എസിന്റെ ഭാഗത്തു നിന്ന് ഉണ്ടായി എന്ന് ഇപ്പോള്‍ പറയാനാകില്ല.
പാര്‍ട്ടി വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരുന്നത് സമവായ നീക്കത്തിന്റെ ഭാഗമല്ല. മറിച്ച് അമ്മയെപ്പോലെ പാര്‍ട്ടി അവരെ ഉള്‍ക്കൊള്ളുകയാണ്. തെറ്റു തിരുത്തി തിരിച്ചു വരുന്ന ആരെയും പാര്‍ട്ടി സ്വീകരിക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ലാവ്‌ലിന്‍ കേസ് തനിക്കെതിരെയുള്ള ആക്രമണമായിരുന്നില്ല. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായതു കൊണ്ടാണ് തന്നെ ലക്ഷ്യം വെച്ചത്. എന്നാല്‍ ആരോപണത്തില്‍ അടിസ്ഥാനമൊന്നുമില്ല എന്ന് ഒരു കോടതി പരിശോധിച്ച് പറഞ്ഞത് ആശ്വാസകരമാണ്. കോടതി വിധി തനിക്ക് സന്തോഷം നല്‍കുന്നതാണ്. ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ഒരിക്കലും പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ മനസ്സ് മടുപ്പിച്ചിട്ടില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ വികസനത്തിന് പിന്തുണ നല്‍കുന്ന സമീപനമാണ് സി പി എമ്മിന്റെത്. പ്രതിപക്ഷത്തായി എന്നതുകൊണ്ട് അത്തരം വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന നയമല്ല പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളത്. വികസനത്തിന് വിരുദ്ധമായ നിലപാടായി മാത്രമേ നോക്കുകൂലിയെ കാണാനാകൂ. ആരും പിന്തുണക്കുന്ന ഒന്നല്ല നോക്കുകൂലി പ്രശ്‌നം. നിയമവിരുദ്ധമായ കാര്യങ്ങള്‍ ആര് ചെയ്താലും സംഘടന ഏതെന്ന് നോക്കാതെ സര്‍ക്കാര്‍ നടപടിയെടുക്കുകയാണ് വേണ്ടത്. ഒരു ട്രേഡ് യൂനിയനും നോക്കുകൂലി അംഗീകരിക്കാന്‍ കഴിയില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
കഴിഞ്ഞ കാലങ്ങളിലെ പല സംഭവങ്ങളിലും പാര്‍ട്ടി എടുത്ത പല നിലപാടുകളും പിന്നീട് അത് അങ്ങനെയല്ല വേണ്ടതെന്ന് തോന്നിയിട്ടുണ്ട്. അതു പാര്‍ട്ടി തുറന്നു പറഞ്ഞിട്ടുമുണ്ട്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന നിലക്ക് എടുക്കാവുന്ന നിലപാടുകള്‍ സ്വീകരിച്ചേ മുന്നോട്ടു പോകാന്‍ പറ്റുകയുളളൂ. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സാഹചര്യം മനസ്സിലാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശം തെറ്റാണ്. പാര്‍ട്ടി പരിപാടി പുതുക്കേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.