Connect with us

National

അമര്‍നാഥ് തീര്‍ത്ഥാടകര്‍ ബാല്‍താല്‍ ക്യാമ്പില്‍ കുടുങ്ങി

Published

|

Last Updated

ബാല്‍താല്‍(ജമ്മു): അമര്‍നാഥ് യാത്രക്കെത്തിയ 32 മലയാളികളടങ്ങിയ തീര്‍ഥാടക സംഘം ബാല്‍താലിലെ ബേസ് ക്യാമ്പില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. വഴിവാണിഭക്കാരും കുതിരക്കാരും തമ്മിലുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ കല്ലേറും തീവെപ്പും നടത്തിയതാണ് തീര്‍ഥാടകരെ ദുരിതത്തിലാഴ്ത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരത്തോളം തീര്‍ഥാടകര്‍ ഇവിടെ കുടുങ്ങിയതായാണ് വിവരം. കൈലാസ് ദര്‍ശന്‍ എന്ന പേരില്‍ തീര്‍ഥാടനത്തിനെത്തിയ മലയാളികളാണ് കുടുങ്ങിയത്. സംഭവത്തെ തുടര്‍ന്ന് അടിയന്തരനടപടിക്ക് സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഗാന്ദര്‍ബാല്‍ ജില്ലയിലെ ബാല്‍താലില്‍ കാലത്ത് എട്ട് മണിയോടെ അര്‍ധസൈനിക വിഭാഗവും പ്രദേശവാസികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. സ്ഥലത്ത് പ്രതിഷേധം നടത്തിയ ടെന്‍ഡ് ഉടമകളെയും വഴിവാണിഭക്കാരെയും കുതിരക്കാരെയും നിയന്ത്രിക്കാന്‍ സിആര്‍ പി എഫ് സേനാംഗങ്ങള്‍ കണ്ണീര്‍വാതകഷെല്‍ ഉപയോഗിച്ചതാണ് പ്രക്ഷോഭത്തിനു കാരണം. ശ്രീനഗറില്‍ നിന്ന് 100 കിലോമീ്റ്റര്‍ അകലെയാണ് ബാല്‍താല്‍. പ്രതിഷേധക്കാര്‍ തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ടെന്‍ഡുകള്‍ക്ക് തീവെക്കുകയും ചെയ്തു. ഇതിനിടെ കനത്ത മഴയും തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കി.
അമര്‍നാഥ് തീര്‍ഥാടകരുടെ സുരക്ഷക്കായി കൂടുതല്‍ സി ആര്‍ പി എഫ് സൈനികരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മു- കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയെ ഫോണില്‍ വിളിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ അദ്ദേഹം മുഖ്യമന്ത്രിക്കു നിര്‍ദേശം നല്‍കി.