Connect with us

Malappuram

വനിതാ അഡ്വക്കറ്റ് കമ്മീഷണറെ തടഞ്ഞുവെച്ച സംഭവം: ഹൈക്കോടതി വിശദീകരണം തേടി

Published

|

Last Updated

മഞ്ചേരി: കോടതി കമ്മീഷനായി നിയോഗിച്ച വനിതാ വക്കീലിനെയും പ്രോസസ് സര്‍വ്വയറെയും മണിക്കൂറുകളോളം തടഞ്ഞുവെക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന കേസില്‍ നടപടിയെടുക്കാന്‍ അനാസ്ഥ കാണിച്ച അരീക്കോട് പൊലീസിനെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ മലപ്പുറം പൊലീസ് മേധാവിയോട് വിശദീകരണം തേടി.
ഇക്കഴിഞ്ഞ ജൂണ്‍ 19ന് വൈകീട്ട് നാലു മണിക്ക് ഊര്‍ങ്ങാട്ടിരി ചൂനിയോടാണ് സംഭവം. മഞ്ചേരി മുന്‍സിഫ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍പെട്ട തര്‍ക്കസ്ഥലം പരിശോധിച്ച് പ്ലാനും റിപ്പോര്‍ട്ടും കോടതിയില്‍ ബോധിപ്പിക്കാനായി മുന്‍സിഫ് അന്യാസ് തയ്യില്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അഡ്വ. ഷീനാരാജനെയും പ്രോസസ് സര്‍വ്വെയര്‍ പി സുല്‍ഫിക്കറിനെയൂമാണ് കൃത്യനിര്‍വ്വഹണത്തിനിടയില്‍ സംഘം തടഞ്ഞുവെച്ചത്. പ്രതികള്‍ തങ്ങളെ അസഭ്യം പറയുകയും വസ്ത്രം പിടിച്ചുവലിച്ച് മാനഹാനി വരുത്തുകയും പിടിച്ചു തള്ളുകയും ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി അഭിഭാഷകയും ജീവനക്കാരനും അരീക്കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ തടഞ്ഞുവെച്ച വിവരമറിഞ്ഞിട്ടും ഉടന്‍ സ്ഥലത്തെത്തി ഇവരെ മോചിപ്പിക്കാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ അരീക്കോട് പൊലീസ് അനാസ്ഥകാണിച്ചുവെന്നാരോപിച്ച് ജില്ലാ ബാര്‍ അസോസിയേഷന്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി നടപടി. പ്രതികളായ ഊര്‍ങ്ങാട്ടിരി വേഴക്കോട് ചോപ്പാടന്‍ ഗോപാലന്‍ (58), എടവണ്ണ പണ്ടാരപ്പെട്ടി അബ്ദുല്‍ അസീസ് (37), ഊര്‍ങ്ങാട്ടിരി തയ്യില്‍ ജലാലുദ്ദീന്‍ എന്ന ജലാല്‍ (53), ഊര്‍ങ്ങാട്ടിരി ചെമ്പ്രേരി സുബ്രഹ്മണ്യന്‍ (55) എന്നിവര്‍ ആഴ്ചകള്‍ക്കു ശേഷം മഞ്ചേരി ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റു കോടതിയില്‍ കീഴടങ്ങുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നുവെന്നാരോപിച്ച് ഇക്കഴിഞ്ഞ എട്ടിന് ജില്ലാ ബാര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രൊട്ടസ്റ്റ് ഡേ ആചരിച്ചിരുന്നു.

Latest