നിക്ഷേപ സംഖ്യ തിരികെ നല്‍കിയില്ല: ജാമ്യം തള്ളി

Posted on: July 18, 2014 9:36 am | Last updated: July 18, 2014 at 9:36 am

മഞ്ചേരി: അനധികൃതമായി പണമിടപാട് സ്ഥാപനം നടത്തുകയും നിക്ഷേപസംഖ്യ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നുമുള്ള കേസില്‍ റിമാന്റില്‍ കഴിയുന്ന നാലാം പ്രതിയുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ കോടതി തള്ളി.
പെരിന്തല്‍മണ്ണ പനങ്ങാങ്ങര പുഴക്കാട്ടിരി മുളയന്തൊടി അബ്ദുല്‍ ഷുക്കൂര്‍ (47)ന്റെ ജാമ്യാപേക്ഷയാണ് ജില്ലാ സെഷന്‍സ് കോടതി തള്ളിയത്. കടുങ്ങപുരം ഒ കെ അലവിയാണ് പരാതിക്കാരന്‍. പ്രതികള്‍ നടത്തിവരുന്ന പെരിന്തല്‍മണ്ണ ലീ ക്യാപിറ്റല്‍ എന്ന അനധികൃത പണമിടപാട് സ്ഥാപനത്തില്‍ അലവി 11.5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ഉയര്‍ന്ന ആദായം വാഗ്ദാനം ചെയ്ത പ്രതികള്‍ പിന്നീട് ആദായമോ മുടക്കുമുതലോ തരാതെ വഞ്ചിച്ചുവെന്നാണ് കേസ്.
പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റു കോടതിയില്‍ അലവി പ്രതികള്‍ക്കെതിരെ പരാതി നല്‍കിയതോടെ നാലു പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രതികള്‍ക്കെതിരെ മങ്കടയില്‍ ആറും കൊളത്തൂര്‍, പെരിന്തല്‍മണ്ണ സ്റ്റേഷനുകളില്‍ ഓരോ കേസുകളും നിലവിലുണ്ട്.