കേരളം സമ്മതിക്കാതെ അച്ചന്‍കോവില്‍ വൈപ്പാര്‍ നദീസംയോജനം നടപ്പാക്കില്ല: മുഖ്യമന്ത്രി

Posted on: July 18, 2014 1:08 am | Last updated: July 18, 2014 at 1:08 am

പമ്പ അച്ചന്‍കോവില്‍ വൈപ്പാര്‍ നദീ സംയോജന പദ്ധതി കേരളത്തിന്റെ അനുമതിയില്ലാതെ നടപ്പാക്കില്ലെന്ന് ദേശീയ ജലവികസന അതോറിറ്റിയുടെ ഉറപ്പ് ലഭിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്രം തയാറെടുക്കുന്നതായി ഒരറിയിപ്പും ലഭിച്ചിട്ടില്ല. പദ്ധതിക്കെതിരെ നിയമപരവും സാങ്കേതികവുമായ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്‍കി.
നദികളില്‍ അധിക ജലമുണ്ടെന്ന വാദം ശരിയല്ല.
ഇതും പദ്ധതിയുടെ പാരിസ്ഥിതികാഘാതങ്ങളും തെളിയിക്കാനാവശ്യമായ എല്ലാ പഠനറിപ്പോര്‍ട്ടുകളും കേരളത്തിന്റെ പക്കലുണ്ട്. നദീസംയോജന പദ്ധതിക്ക് അനുകൂലമായി വന്ന സുപ്രിംകോടതി വിധിക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ പമ്പഅച്ചന്‍കോവില്‍വൈപ്പാര്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുമെന്ന് ഉറപ്പാണ്. നദീസംയോജന പദ്ധതിക്ക് അനുകൂലമായി 2012 ഫെബ്രുവരി 27ന് വന്ന സുപ്രിംകോടതി വിധിന്യായത്തില്‍ കേരളത്തിന്റെ പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ തിരിച്ചുവിടുന്നതും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാടിന് ഗുണകരവും കേരളത്തിലെ ആവാസ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതുമായ പദ്ധതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ദേശീയ ജലവികസന ഏജന്‍സി ഉദ്യോഗസ്ഥര്‍ ഈ മാസം കേരളത്തിലെത്തുമെന്നാണറിയുന്നത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംഭവിച്ച വീഴ്ച നദീ സംയോജനപദ്ധതിയുടെ കാര്യത്തിലും കേരളത്തിന് സംഭവിക്കാന്‍ സാദ്ധ്യതയുണ്ടെന്നും വി എസ് പറഞ്ഞു. എന്നാല്‍, സുപ്രിംകോടതിയിലെ കേസില്‍ കേരളം ശക്തമായ നിലപാട് അറിയിച്ചതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പദ്ധതി ഉപേക്ഷിക്കാനാവശ്യപ്പെട്ട് പതിനൊന്നാം കേരളനിയമസഭ പ്രമേയവും പാസ്സാക്കി. പമ്പയും അച്ചന്‍കോവിലും സംസ്ഥാനത്തിനകത്തുള്ള നദികളായതിനാല്‍ സംസ്ഥാനത്തിന്റെ അധികാരപരിധിയിലേക്ക് കടക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് പദ്ധതിയുടെ സാധ്യതകളാരായാന്‍ സമിതിയെ നിയോഗിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്.
പദ്ധതി കേരളത്തിന് ഗുണകരമല്ലെന്ന് സ്ഥാപിക്കാന്‍ സാധ്യമായ വേദികളിലെല്ലാം കേരളം ശ്രമിക്കുന്നുണ്ട്. 2013 മാര്‍ച്ച് 12ന് ചേര്‍ന്ന ദേശീയ ജലവികസന ഏജന്‍സിയുടെ 59ാമത് യോഗത്തില്‍ ഇരു സംസ്ഥാനങ്ങളുടെയും സമ്മതത്തോടെ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാനാവൂ എന്ന് അതിന്റെ ഡയറക്ടര്‍ജനറല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സി ഡബഌു ആര്‍ ഡി എം നടത്തിയ പഠനത്തില്‍ പമ്പ, അച്ചന്‍കോവില്‍, മൂവാറ്റുപുഴ, മീനച്ചില്‍, മണിമല ആറുകളില്‍ അധികജലമില്ലെന്ന് കണ്ടെത്തി. 2050ആകുമ്പോള്‍ രൂക്ഷമായ ജലക്ഷാമം നേരിടുമെന്നും പമ്പയും അച്ചന്‍കോവിലും വറ്റിവരളുമെന്നും മധ്യതിരുവിതാംകൂറിലെ പരിസ്ഥിതി സന്തുലിതാവസ്ഥ തകരുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്.
ഡല്‍ഹി ഐ ഐ ടി നടത്തിയ വേമ്പനാട് നീര്‍ത്തട ജല സന്തുലന പഠനത്തില്‍ ഈ പദ്ധതി വന്നാല്‍ 2004 ഹെക്ടര്‍ നിബിഡവനം വെള്ളത്തിനടിയിലാകുമെന്നും പത്തനംതിട്ട, ആലപ്പുഴ മേഖലകളില്‍ പാരിസ്ഥിതിക പ്രത്യാഘാതം രൂക്ഷമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിന്റെ നദികളില്‍ വെള്ളത്തിന്റെ കുറവില്ലെന്നും മഴക്കാലത്ത് ധാരാളം വെള്ളം ഒഴുകിപ്പോകുന്നുവെന്നും ദേശീയ ജലവികസന ഏജന്‍സി പറയുന്നു. എന്നാല്‍, ഈ ഒഴുകുന്ന വെള്ളമാണ് നാടിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതും ഉപ്പുവെള്ളം മാറ്റിയെടുക്കുന്നതും കുട്ടനാടിനെ ശുദ്ധീകരിക്കുന്നതും. വര്‍ഷത്തില്‍ കോടിക്കണക്കിന് തീര്‍ഥാടകര്‍ വരുന്ന ശബരിമലയെയും പദ്ധതി ബാധിക്കും. തലസ്ഥാന നഗരത്തിലെ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ പേപ്പാറഡാമിലെ ജലനിരപ്പ് മൂന്നടി ഉയര്‍ത്താനാവശ്യപ്പെട്ടപ്പോള്‍ ഏതാനും ഹെക്ടര്‍ വനം നഷ്ടപ്പെടുമെന്ന് പറഞ്ഞ് അനുമതി നിഷേധിച്ചിരിക്കുമ്പോഴാണ് ഇവിടെ 2004 ഹെക്ടര്‍ മുങ്ങുന്ന സ്ഥിതി വരുന്നത്. ഇക്കാര്യങ്ങള്‍ ശക്തമായി കേരളം കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതായും മുഖ്യമന്ത്രി വിശദീകരിച്ചു.