Connect with us

Ongoing News

നന്ദിയുള്ള അടിമയാകുക

Published

|

Last Updated

എത്രയെത്ര അനുഗ്രഹങ്ങളാണ് കരുണാമയനായ അല്ലാഹു നമുക്ക് നല്‍കിയത്. റമസാനിന്റെ രാപ്പകലുകളില്‍ അവനോടായി നാം ഇരക്കുമ്പോള്‍ ഈ അനുഗ്രഹങ്ങള്‍ നമ്മുടെ ഓര്‍മയിലുണ്ടായിരിക്കണം. അവന്‍ ചെയ്ത ഒരു അനുഗ്രഹത്തിനു നന്ദിയായി നമ്മുടെ മുഴുജീവിത ആരാധന മതിയാകുകയില്ല. അപ്പോള്‍ ന്യൂനതകളെമ്പാടുമുള്ള നമ്മുടെ ആരാധനകള്‍കൊണ്ടെന്തു ഫലം? അവന്റെ കനിവു കൊണ്ടു മാത്രമേ നമുക്ക് രക്ഷപ്പെടാനാകൂ.
മനുഷ്യന്റെ വൃക്കകളെ കുറിച്ച് ചിന്തിച്ച് നോക്കൂ. രക്തത്തില്‍ നിന്ന് മൂത്രത്തെ വേര്‍തിരിച്ച് രക്തത്തെ രക്ത ധമനിയിലേക്കും മൂത്രത്തെ മൂത്രക്കുഴലിലേക്കും തിരിച്ച് വിടുന്ന ഒരു അതിശയകരമായ യന്ത്രമാണ് വൃക്ക. പയറുമണിയുടെ ആകൃതിയുള്ള ഈ കൊച്ചു അവയവത്തില്‍ നെഫ്രോണുകള്‍ എന്നറിയപ്പെടുന്ന അതിസൂക്ഷ്മമായ നാരുകളുണ്ട്. ഓരോ വൃക്കയിലും 25 ലക്ഷത്തോളം നെഫ്രോണുകള്‍ ഉണ്ടത്രെ! ഒരു അരിപ്പയുടെ ധര്‍മമാണ് ഇവ നിര്‍വഹിക്കുന്നത്. മനുഷ്യ ശരീരം നിര്‍മിച്ചിരിക്കുന്ന അതി സൂക്ഷ്മ ഘടകമായ കോശങ്ങള്‍ പോലും അതി ബൃഹത്തായ ഒരു പ്രപഞ്ചമാണെന്ന് തിരിച്ചറിയുമ്പോള്‍ സര്‍വജ്ഞനും സര്‍വശക്തനുമായ ഒരു സ്രഷ്ടാവിന്റെ സാന്നിധ്യവും അവന്റെ കനിവും നമുക്ക് അനുഭവവേദ്യമാകുന്നു. യോനീ മുഖത്ത് സ്രവിക്കപ്പെടുന്ന പുരുഷ ബീജം തലകുലുക്കി വാലാട്ടി അണ്ഡത്തെയും തേടി ദീര്‍ഘ ദൂരം സഞ്ചരിക്കുന്നു. ആരാണ് വഴി കാട്ടി? ശാസ്ത്രം മൗനം പാലിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ വാചാലമയി മറുപടി പറയുന്നു.
മഹോന്നതനായ നിന്റെ രക്ഷിതാവിന്റെ മഹത്വം വാഴ്ത്തുക. അവന്‍ സൃഷ്ടി കര്‍മം നിര്‍വഹിക്കുകയും ഋജുവാക്കുകയും ചെയ്തു. അവന്‍ എല്ലാം കണക്കാക്കുകയും മാര്‍ഗ ദര്‍ശനം നല്‍കുകയും ചെയ്തു. (ഖുര്‍ആന്‍)
അതെ, പ്രപഞ്ചത്തിന്റെ അനന്തതയില്‍ താളഭംഗമില്ലാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കോടി കോടി പിന്നെയും കോടി നക്ഷത്രങ്ങളെയും അവയുള്‍കൊള്ളുന്ന അനന്തകോടി ഗ്യാലക്‌സികളെയും വിസ്മയകരമായ പ്രാപഞ്ചിക വസ്തുക്കളായ ക്വാസറുകള്‍, പള്‍സാറുകള്‍, സൂപ്പര്‍ നോവകള്‍, ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങള്‍, ക്ഷുദ്ര ഗ്രഹങ്ങള്‍, ഉല്‍ക്കകള്‍, വാല്‍ നക്ഷത്രങ്ങള്‍ തുടങ്ങി പരസഹസ്രം പ്രപഞ്ച വിസ്മയങ്ങള്‍ തീര്‍ത്തവന്‍ തന്നെയാണ് ആദിമ മനുഷ്യന്‍ മുതല്‍ അന്ത്യ മനുഷ്യന്‍ വരെയുള്ള മുഴുവന്‍ ആളുകള്‍ക്കും വ്യത്യസ്ത മുഖവും ഭാവവും ഗന്ധവും വിരല്‍ കൊടികളും നല്‍കിയത്. എന്നിട്ടവന്‍ ചോദിച്ചു, ‘ആകാശ ഭൂമികളുടെ സ്രഷ്ടാവിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ഇനിയും സംശയമുണ്ടോ?’
അനുഗ്രഹങ്ങളോര്‍ത്ത് നന്ദിയുള്ള അടിമയാകാന്‍ നാം ശ്രമിക്കുക. ലുഖ്മാനുല്‍ ഹകീം(റ) നോട് അല്ലാഹു പറഞ്ഞതോര്‍ക്കുക. അല്ലാഹുവിനു നന്ദി ചെയ്യുക. നന്ദി ചെയ്യുന്നവന്‍ സ്വന്തത്തിനോടു തന്നെയാണ് നന്ദി ചെയ്യുന്നത്.(ലുഖ്മാന്‍ 12)