മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

Posted on: July 17, 2014 12:56 pm | Last updated: July 18, 2014 at 12:45 am

sirajudeen  PRATHI-16കരുനാഗപ്പിള്ളി: മന്ത്രവാദത്തിനിടെ യുവതി മരിച്ച സംഭവത്തില്‍ പിതാവും ഇടനിലക്കാരനും അറസ്റ്റില്‍. മരിച്ച ഹസീനയുടെ പിതാവ് കണ്ണങ്കരകുറ്റി ഹസന്‍, മന്ത്രവാദിയെ എത്തിച്ച ഇടനിലക്കാരനും അദ്ധ്യാപകനുമായ കബീര്‍ എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയായ മന്ത്രവാദി ആലപ്പുഴ നൂറനാട് സ്വദേശി സിറാജുദ്ദീനായി പോലീസ് തിരച്ചില്‍ തുടരുകയാണ്.

മന്ത്രവാദത്തിന്റെ മറവില്‍ നടന്ന ക്രൂര പീഡനമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. യുവതിയെ നിലത്ത് കമിഴ്ത്തിക്കിടത്തി കാലുകള്‍ മടക്കി കെട്ടിയിടുകയായിരുന്നെത്രെ പതിവ്. ശേഷം പുറത്ത് മുട്ടുമടക്കി കയറി നിന്ന് തലമുടി പിടിച്ചുവലിച്ച് ക്രൂരമായ മര്‍ദ്ദിക്കുകയും കുപ്പിയിലേക്ക് ഊതിച്ച് ജിന്നിനെ പുറത്തുചാടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു മന്ത്രവാദിയെന്ന് പോലീസ് പറഞ്ഞു.

ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് യുവതി നിലവിളിക്കാന്‍ പോലും അശക്തയായിരുന്നു. യുവതിയുടെ കിഡ്‌നി, പാന്‍ക്രിയാസ് തുടങ്ങിയ ആന്തരികാവയവങ്ങള്‍ക്കും ഗുരുതര പരിക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.