Connect with us

Wayanad

കനത്ത മഴക്ക് ശമനം; കാര്‍ഷികരംഗം സജീവം

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ കനത്ത മഴക്ക് ആശ്വാസം. അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ മഴമാപിനിയില്‍ രേഖപ്പെടുത്തിയ കണക്കുപ്രകാരം കഴിഞ്ഞ ആറുദിവസംകൊണ്ട് 72.6 മില്ലിമീറ്റര്‍ മഴ പെയ്തു.
10ന് രാവിലെ മുതല്‍ 11ന് രാവിലെ വരെയയാണ് കൂടുതല്‍ മഴ പെയ്തത്. 22.2 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 11ന് പകലും രാത്രിയുമായി 16.2ഉം ഒമ്പതിന് പകലും രാത്രിയുമായി 17.4 മില്ലിമീറ്ററും മഴ പെയ്തു. അഞ്ചു ദിവസമായി ജില്ലയില്‍ പരക്കെ മഴയുണ്ട്. മഴ ശക്തിപ്രാപിക്കുമ്പോഴും പുല്‍പ്പള്ളി മേഖലയില്‍ കുറവാണ്. മഴ വീണ്ടും എത്തിയതോടെ നെല്‍കര്‍ഷകര്‍ വയലൊരുക്കാനും വിത്തിടാനും തുടങ്ങി. വൈകിയാണ് കൃഷി ആരംഭിക്കുന്നത്. നേരത്തെ മഴ ലഭിക്കാത്തതിനാല്‍ വിത്തിട്ടിട്ടില്ല.
നാട്ടിപണിയുടെ സമയത്താണ് വിത്തിറക്കുന്നത്. ഇതു കതിരാകാന്‍ വൈകും. മഴ ലഭിക്കാതിരുന്നതിനാല്‍ നിരവധിപേര്‍ വയല്‍ തരിശിട്ടിരിക്കുകയാണ്. പലരും നഞ്ച ഉപേക്ഷിച്ചു. വൈകിയാണെങ്കിലും മഴലഭിച്ചത് നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുണ്ട്. കുരുമുളക് കര്‍ഷകരെയും മഴ തുണക്കും. കുരുമുളക് തിരിയിട്ട് തുടങ്ങിയ സമയത്താണ് മഴ നിലച്ചത്. ഇതു കനത്ത തിരിച്ചടിയായി. തിരികള്‍ പൊഴിയാനും തുടങ്ങി. ഇപ്പോള്‍ പെയ്യുന്ന മഴ അവശേഷിക്കുന്ന തിരികളില്‍ കുരുമുളക് പിടിക്കാന്‍ സഹായിക്കും. മഴ കിട്ടിയതോടെ കര്‍ഷകര്‍ വൃക്ഷത്തൈകളും മറ്റും നടാനും തുടങ്ങി.
മഴ കോരിച്ചൊരിയേണ്ട സമയമാണിപ്പോള്‍. കര്‍ക്കടകത്തിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഈ സമയം റെക്കോഡ് മഴയായിരുന്നു. ജൂലൈ പകുതിയായപ്പോഴേക്കും രണ്ടുതവണ വെള്ളം കയറി. ജൂണില്‍ 646.2 മില്ലിമീറ്റര്‍ മഴപെയ്തു. 22 വര്‍ഷത്തിനുശേഷം ജൂണില്‍ ലഭിച്ച ഏററവും കൂടിയ മഴയായിരുന്നു ഇത്. എന്നാല്‍, ഇത്തവണ ജൂണില്‍ ആകെ ലഭിച്ചത് 20 മില്ലിമീറ്റര്‍ മഴയാണ്. ജൂലൈയിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ വളരെ കുറവാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 400 മില്ലിമീറ്റില്‍ കൂടുതല്‍ മഴ ജില്ലയില്‍ പെയ്തിരുന്നു. എന്നാല്‍, ഇത്തവണ ഇതിന്റെ നാലിലൊന്നുപോലും ലഭിച്ചിട്ടില്ല. ഭേദപ്പെട്ട വേനല്‍മഴ ലഭിച്ചത് കര്‍ഷകര്‍ക്കാശ്വാസമായിരുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജില്ല മുഴുവന്‍ ഇടമുറിയാതെ മഴ ലഭിച്ചു.