മെയ്- ജൂണ്‍ മാസങ്ങളില്‍ 113 വര്‍ഗീയ കലാപങ്ങള്‍, കൊല്ലപ്പെട്ടത് 15 പേര്‍

Posted on: July 17, 2014 1:00 am | Last updated: July 17, 2014 at 1:57 am

ന്യൂഡല്‍ഹി: കഴിഞ്ഞ മെയ്- ജൂണ്‍ മാസങ്ങളിലായി രാജ്യവ്യാപകമായി 113 വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായതായി ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു രാജ്യസഭയെ അറിയിച്ചു.കോണ്‍ഗ്രസ് അംഗം മധുസൂദനന്‍ മിസ്ത്രിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൊത്തം 15 പേര്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കൊല്ലപ്പെട്ടതായും 318 പേര്‍ക്ക് പരുക്കേറ്റതായും അദ്ദേഹം പറഞ്ഞു.
മൊത്തം 113 സംഘര്‍ഷങ്ങളില്‍ 27 എണ്ണം ഉത്തര്‍പ്രദേശിലാണ് നടന്നത്. ഇതില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 78 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയിതിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 20 വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 11 വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഗുജറാത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ട് പേര്‍ മരിക്കുകയും 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശില്‍ 11 സംഘര്‍ഷങ്ങള്‍ ഉണ്ടായി. ഇതില്‍ 3 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 31 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കര്‍ണാടകയില്‍ 11 കലാപങ്ങള്‍ അരങ്ങേറി. 24 പേര്‍ക്ക് പരുക്കേറ്റു. ബീഹാറില്‍ ഇത് പത്തായിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. രാജസ്ഥാനില്‍ 10 കലാപങ്ങളിലായി രണ്ട പേര്‍ കൊല്ലപ്പെടുകയും 29 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പശ്ചിമ ബംഗാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത സംഘര്‍ഷങ്ങളുടെ എണ്ണം രണ്ടാണ്. നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.