Connect with us

Ongoing News

യുവതിയുടെ മരണം: മര്‍ദനം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മന്ത്രവാദി ഒളിവില്‍

Published

|

Last Updated

കരുനാഗപ്പള്ളി: തഴവയില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതി മരിച്ചത് മന്ത്രവാദ ചികിത്സക്കിടെയുണ്ടായ ക്രൂരമായ പീഡനത്തെത്തുടര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തഴവ കടത്തൂര്‍ കണ്ണങ്കരകുറ്റിയില്‍ ഹസന്റെ മകള്‍ ഹസീന (26) യാണ് കഴിഞ്ഞ 12ന് രാത്രിയോടെ മരിച്ചത്. സംസാരശേഷിയില്ലാത്ത ഹസീനക്ക് മാനസിക പ്രശ്‌നമുണ്ടെന്നും ബാധയാണ് കാരണമെന്നും പറഞ്ഞു കൊണ്ടായിരുന്നത്രെ ബന്ധുക്കള്‍ മന്ത്രവാദ ചികിത്സ നല്‍കിയത്. മന്ത്രവാദചികിത്സ നടത്തിയ ആദിക്കാട്ട് കുളങ്ങര സ്വദേശി സിറാജുദ്ദീന്‍ (45) സംഭവത്തെ തുടര്‍ന്ന് ഒളിവിലാണ്.
നട്ടെല്ല് തകര്‍ന്ന് ഇരുകാലുകളും പിരിച്ച് ഒടിക്കുകയും രക്തം അടിവയറ്റില്‍ കെട്ടിനിന്നുമാണ് മരണം സംഭവിച്ചതെന്നും യുവതിയുടെ ശരീരത്തില്‍ ക്രൂരമായ മര്‍ദ്ദനത്തിന്റെ പാടുകളുണ്ടെന്നും പോസ്റ്റ്‌േമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ പിതാവിനെയും മന്ത്രവാദ ചികിത്സക്ക് സഹായിയായി കൂട്ടുകയും സിദ്ധനെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്ത റിട്ട. അധ്യാപകനെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വ്യാജ മന്ത്രവാദി സിറാജുദ്ദീനെ പിടികൂടി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ അറിയുകയുള്ളൂവെന്നും പോലീസ് പറഞ്ഞു. പോലീസ് ഇയാളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ മരണം സാധാരണ മരണമാണെന്ന നിലയില്‍ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാരായ ചിലരാണ് പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് ഇടപെട്ട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.